Latest News

പാലക്കുന്നില്‍ അമ്യൂസ്‌മെന്റ് റൈഡുകള്‍ പ്രവര്‍ത്തിപ്പിച്ചത് സുരക്ഷ സംവിധാനങ്ങളില്ലാതെ

ഉദുമ: (www.malabarflash.com)പാലക്കുന്ന് ഭരണി മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കുന്നില്‍ പ്രവര്‍ത്തിപ്പിച്ച അമ്പതോളം അമ്യൂസ്‌മെന്റ് റൈഡുകളില്‍ പലതും യാതൊരുവിധ സുരക്ഷ സംവിധാനങ്ങളും ഇല്ലാതെ. ലോറിയില്‍ വിവിധ ഭാഗങ്ങളായി കൊണ്ടുവരുന്ന അമ്യൂസ്‌മെന്റ് ഉപകരണങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ജോലികള്‍ ചെയ്തത് 10 വയസ്സിന് താഴെയുളള കുട്ടികളാണ്. തമിഴ്‌നാട്, കര്‍ണ്ണാടക, ബീഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ കുടുംബങ്ങാണ് റൈഡുകള്‍ നിയന്ത്രിച്ചിരുന്നത്. ഇതില്‍ സ്ത്രീകളും കുട്ടികളുമാണ് അമ്യൂസ്‌മെന്റ് ഉപകരണങ്ങള്‍ സെററ് ചെയ്തതും പ്രവര്‍ത്തിപ്പിച്ചതും.


ഭരണി മഹോത്സവത്തിന് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുളള ആയിരങ്ങളുടെ ജീവന്‍ പണയംവെച്ചാണ് മററു സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ അമ്യൂസ്‌മെന്റ് റൈഡുകാര്‍ക്ക് പണം വാരാന്‍ അധികൃതര്‍ അവസരമൊരുക്കിയത്. (www.malabarflash.com)

ശനിയാഴ്ച വൈകുന്നേരം പാലക്കുന്ന് എക്‌സ്‌പോയിലെ തൊട്ടിലാട്ടത്തില്‍ നിന്നും വീണ് യുവതി മരിച്ച സംഭവമുണ്ടായിട്ടുപോലും അധികൃതര്‍ മററു സാഹസിക റൈഡുകളുടെ സുരക്ഷ സംവിധാനങ്ങള്‍ പരിശോധിക്കാനോ നിയന്ത്രിക്കാനോ തയ്യാറായില്ല.

ഭരണി മഹോത്സവത്തിന്റെ ഭാഗമായി പാലക്കുന്നിലെത്തുന്ന കച്ചവടക്കാരില്‍ നിന്നും അമ്യൂസ്‌മെന്റുകാരില്‍ നിന്നും പഞ്ചായത്ത് അധികൃതര്‍ വന്‍ തുക നികുതി വാങ്ങിയാണ് അനുമതി നല്‍കുന്നത്. കൂടാതെ ക്ഷേത്ര കമ്മിററിയും ഇവരില്‍ നിന്നും പ്രത്യേകം സംഭാവന സ്വീകരിക്കാറുമുണ്ട്.പണം വാങ്ങി സ്ഥലം വിടുന്ന പഞ്ചായത്ത് അധികൃതര്‍ ഇവയുടെ സുരക്ഷപരിശോധിക്കുകയോ മറേറാ ചെയ്യാറില്ല. (www.malabarflash.com)

കഴിഞ്ഞ ദിവസം പാലക്കുന്ന് എക്‌സ്‌പോയില്‍ യുവതി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണം ഉയര്‍ന്നതോടെ എക്‌സ്‌പേക്ക് പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞു മാറുകയായിരുന്നു.


എന്നാല്‍ പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അപേക്ഷ നല്‍കുകയും പഞ്ചയത്ത് അധികൃതര്‍ നിര്‍ദ്ദേശിച്ച നികുതി അടയ്ക്കുകയും ചെയ്തായി എക്‌സ്‌പോ സംഘാടകരായ ബേക്കല്‍ സര്‍വ്വീസ് സൊസൈററി ഭാരവാഹികള്‍ മലബാര്‍ഫ്‌ളാഷിനോട് വെളിപ്പെടുത്തി. എക്‌സ്‌പോയിലേക്കുളള പ്രവേശനത്തിനായി അച്ചടിച്ച 6000 പാസുകള്‍ പഞ്ചായത്തില്‍ കൊണ്ടു പോയി സീല്‍ ചെയ്യുകയും ചെയ്തിരുന്നു.

സംഘാടകര്‍ നല്‍കിയ അമ്പതോളം ഗസ്റ്റ് പാസ്സുകള്‍ ഉപയോഗിച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അടക്കമുളള പഞ്ചായത്ത് മെമ്പര്‍മാരും ജീവനക്കാരും കുടുംബ സമേതം എക്‌സപോ സന്ദര്‍ശിക്കുകയും അപകടം നടന്ന ജയന്റ് വീല്‍ അടക്കമുളളവ ആസ്വദിക്കുകയും ചെയ്തിരുന്നു.

യുവതി അപകടത്തില്‍പ്പെടുന്നതിന് തൊട്ട് മുമ്പ് പഞ്ചായത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കുടുംബ സമേതം അപകടം നടന്ന തൊട്ടിലാട്ടത്തില്‍ കയറി ഉല്ലസിച്ചിരുന്നു.

അനുമതി നല്‍കിയിട്ടില്ലെന്ന് പറയപ്പെടുന്ന എക്‌സ്‌പോയില്‍ പഞ്ചായത്ത് അധികൃതര്‍ സൗജന്യമായി ഉല്ലസിക്കാനെത്തിയത് ചര്‍ച്ചയായിട്ടുണ്ട്.


Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.