Latest News

സര്‍വീസ് ടാക്‌സ് അടച്ചില്ല; റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി എം വി നികേഷ് കുമാറിനെ അറസ്റ്റു ചെയ്തു

കൊച്ചി: സര്‍വീസ് ടാക്‌സ് അടയ്ക്കാത്തതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസില്‍ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പിന്റെ പരിശോധന. ചാനലിന്റെ എം ഡിയും ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ അറസ്റ്റു ചെയ്ത ശേഷം വൈകുന്നേരം 4.30തോടെ ജാമ്യത്തില്‍ വിട്ടയച്ചു.

ചാനലിന്റെ കളമശ്ശേരിയിലുള്ള മുഖ്യഓഫീസിലാണ് തിങ്കളാഴ്ച കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സേവന നികുതി ഇനത്തില്‍ സര്‍ക്കാറിലേക്ക് എം വി നികേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ചാനല്‍ അടയ്ക്കാനുള്ളത് ഒന്നര കോടിയോളം രൂപയാണ്. ഈ തുക അടയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ നികേഷിനെ അറസ്റ്റു ചെയ്തത്.

തിങ്കളാഴ്ച രാവിലെയാണ് ചാനല്‍ ഓഫീസില്‍ സെന്‍ട്രല്‍ എക്‌സൈസിലെ സേവന നികുതി വകുപ്പ് വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. നേരത്തെ സേവന നികുതി അടയ്ക്കുന്നതില്‍ വരുത്തിയ വീഴ്ച്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് അധികൃതര്‍ ചാനലിന് നോട്ടീസ് നല്‍കിയിരുന്നു. നിശ്ചിത തീയതിക്കുള്ളില്‍ അടയ്ക്കാമെന്നാണ് അന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞത്. പലഘഡുക്കളായി പണം അടയ്ക്കാമെന്നായിരുന്നു സേനവ നികുതി വകുപ്പ് അധികൃതരോട് ചാനല്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇക്കാര്യത്തിലും വീഴ്ച്ച വരുത്തിയതോടെയാണ് കൊച്ചി രവിപുരം ഓഫീസിലെ സേവന നികുതി വിഭാഗം ഉദ്യോഗസ്ഥര്‍ കളമശ്ശേരിയിലെ ഓഫീസിലെത്തി നികേഷിനെ കസ്റ്റഡിയില്‍ എടുത്തത്.

വൈകുന്നേരത്തോടെ കുടിശ്ശികയില്‍ ഒരു നിശ്ചിത തുക നല്‍കിയതോടെ നികേഷ് കുമാറിനെ ജാമ്യം അനുവദിക്കുകയായിരുന്നു.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.