Latest News

ടി.സിദ്ദിഖിനെതിരെ നടപടിയുണ്ടായാല്‍ അബ്ദുള്ളക്കുട്ടിയും കുടുങ്ങും

തിരുവനന്തപുരം: (www.malabarflash.com) സ്ത്രീപീഡന പരാതിയില്‍ അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കാത്ത ആഭ്യന്തര വകുപ്പിന് ഭാര്യയുടെ പരാതിയില്‍ കോടതി നിര്‍ദേശിച്ചാലും കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനെതിരെ എങ്ങനെ നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന ചോദ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു.

ആദ്യ ഭാര്യ നസീമ പീഡനക്കുറ്റം ആരോപിച്ച് സിദ്ദിഖിനെതിരെ പോലീസിലും കോടതിയിലും പരാതി നല്‍കിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ ഭിന്നത രൂപംകൊണ്ടിരിക്കുന്നത്.

അര്‍ബുദ രോഗിയായ തന്നെയും 2 കുട്ടികളെയും ഉപേക്ഷിച്ചാണ് മറ്റൊരു സ്ത്രീയെ സിദ്ദിഖ് വിവാഹം ചെയ്തതെന്ന് ആരോപിച്ച് ആദ്യഭാര്യ നസീമ സിദ്ദിഖിനെതിരെ നല്‍കിയ പരാതിയില്‍ പീഡനക്കുറ്റവും ആരോപിച്ചിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് അവര്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ(1) മുന്നില്‍ നേരിട്ട് പരാതി നല്‍കിയിരിക്കുന്നത്.

ഏപ്രില്‍ 9ന് കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ നിലവിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം സിദ്ദിഖിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ സിദ്ദിഖിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും അറസ്റ്റ് ചെയ്യിക്കാനും പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ അഭിപ്രായമുയരുമെന്ന് കണ്ടാണ് ഒരു വിഭാഗം പ്രതിരോധവുമായി രംഗത്തെത്തിയിട്ടുള്ളത്.(www.malabarflash.com)

സിദ്ദിഖുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ കുടുംബ പ്രശ്‌നമായിക്കണ്ട് യാതോരു പ്രതികരണങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും ആരോപണത്തിന്റെ പേരില്‍ സിദ്ദിഖിനെമാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്ന നിലപാട് കോണ്‍ഗ്രസിലെ 'എ' വിഭാഗം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.

തന്നെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് എ.പി അബ്ദുള്ളക്കുട്ടി എംഎല്‍എ പീഡിപ്പിച്ചുവെന്ന സരിത എസ് നായരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാന്‍പോലും പൊലീസ് തയ്യാറാകാത്തത് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ് അനുകൂലികള്‍ രംഗത്ത് വന്നിട്ടുള്ളത്.

നിയമ നടപടി മാത്രമല്ല പാര്‍ട്ടി നടപടിയും അബ്ദുള്ളക്കുട്ടിക്കെതിരെ സ്വീകരിച്ചിട്ട് മതി സിദ്ദിഖിനെതിരായ നടപടിയെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി വളരെ അടുത്ത ബന്ധമാണ് സിദ്ദിഖിനുള്ളതെങ്കില്‍ ഐ ഗ്രൂപ്പുകാരനായ അബ്ദുള്ളക്കുട്ടിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കളുമായാണ് അടുപ്പം.

അബ്ദുള്ളക്കുട്ടിക്കെതിരായ സരിതയുടെ മൊഴി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് രഹസ്യമൊഴിയായി രേഖപ്പെടുത്തി തുടര്‍ നടപടിക്ക് നിര്‍ദേശിച്ചിട്ടും അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

എംഎല്‍എമാരുടെ കണക്കുകളില്‍ നിയമസഭയില്‍ പ്രതിരോധത്തിലാകുന്ന സാഹചര്യം ഒഴിവാക്കാന്‍ കെപിസിസി നേതൃത്വവും അബ്ദുള്ളക്കുട്ടിയെ 'വെറുതെ വിടുകയായിരുന്നു'.

പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം 24 മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്ന നിയമമാണ് ഇവിടെ ആഭ്യന്തര വകുപ്പ് അട്ടിമറിച്ചിരിക്കുന്നത്.

ഈ ഒരു സാഹചര്യത്തല്‍ സിദ്ദിഖിനെതിരായ പരാതിയില്‍ മാത്രം എങ്ങനെ നടപടി സ്വീകരിക്കുമെന്ന കാര്യത്തല്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്.

സിദ്ദിഖിനെതിരായ ആരോപണം രാഷ്ട്രീയ മുതലെടുപ്പിനായി ഒരു വിഭാഗം നവ മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തുന്നതിനാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന അഭിപ്രായം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതിലും വലിയ ആരോപണങ്ങള്‍ ഉണ്ടായിട്ടും നടപടി സ്വീകരിക്കാതെ നോക്കുകുത്തിയായി നിന്ന നേതൃത്വമാണ് ഈ 'പ്രതിസന്ധി' വിളിച്ച് വരുത്തിയതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.