Latest News

മുഹമ്മദ് നബിയുടേതെന്ന പേരില്‍ ചിത്രം: കേസ് ഹൈകോടതി റദ്ദാക്കി

കൊച്ചി: www.malabarflash.com സി.ബി.എസ്.ഇ പാഠപുസ്തകത്തില്‍ മുഹമ്മദ് നബിയുടേതെന്ന പേരില്‍ ചിത്രം നല്‍കിയതിന് പ്രസാധകനെതിരെ എടുത്ത കേസ് ഹൈകോടതി റദ്ദാക്കി.

തിരുവനന്തപുരം ന്യൂ ജ്യോതി പബ്‌ളിഷേഴ്‌സ് ഉടമ വഞ്ചിയൂര്‍ കണ്ണമ്മൂല സ്വദേശി ജോയ് ചെറിയാനെതിരായ കേസാണ് ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ റദ്ദാക്കിയത്. ബോധപൂര്‍വം മത സ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള കുറ്റകൃത്യം പ്രസാധകന്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവ്.
മത സ്പര്‍ധയുണ്ടാക്കാനും ഇസ്ലാം സമുദായത്തെ അവഹേളിക്കാനും ശ്രമിച്ചുവെന്ന പേരില്‍ തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ജോയ് ചെറിയാന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2010-11ലെ സി.ബി.എസ്.ഇ രണ്ടാം ക്ലാസിലെ 'സ്‌റ്റെപ്പിങ് സ്‌റ്റോണ്‍സ്' രണ്ടാം ഭാഗം പുസ്തകത്തില്‍ മത ഉപജ്ഞാതാക്കളുടെ ചിത്രങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കുമൊപ്പം നബിയുടേതെന്ന പേരിലും ചിത്രം ഉള്‍പ്പെടുത്തിയതാണ് കേസിനിടയാക്കിയത്. www.malabarflash.com 

ഷാജഹാന്‍ എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കേസ്. തുടര്‍ന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രസാധകനെ പ്രതിയാക്കി കുറ്റപത്രവും സമര്‍പ്പിച്ചു.
എന്നാല്‍, മതനിന്ദയുടെ പേരില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 153 (എ) പ്രകാരം കോടതിയിലുള്ള കേസിന്റെ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചു. മതങ്ങള്‍ തമ്മിലെ ശത്രുത വളര്‍ത്താനും സമൂഹത്തിലെ സമാധാനം തകര്‍ക്കാനും ലക്ഷ്യമിട്ട് ബോധപൂര്‍വം താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍, മത സൗഹാര്‍ദവും മതവികാരവും തകര്‍ക്കുന്ന നടപടിയാണ് ഹരജിക്കാരന്റെ ഭാഗത്തുനിന്നുണ്ടായതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.www.malabarflash.com 
അതേസമയം, എതിര്‍പ്പുയര്‍ന്നപ്പോള്‍തന്നെ പ്രസാധകന്‍ മാപ്പുപറയുകയും അച്ചടിച്ച പുസ്തകങ്ങള്‍ പിന്‍വലിക്കുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. മത സ്പര്‍ധയുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. കൂടാതെ, ഇന്ത്യന്‍ ശിക്ഷാ നിയമം 196 പ്രകാരം ഇത്തരം കുറ്റകൃത്യങ്ങളില്‍ കേസെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയോ ജില്ലാ മജിസ്‌ട്രേറ്റിന്റെയോ അനുമതി ആവശ്യമാണ്. ഈ അനുമതിയും ലഭ്യമായിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്.www.malabarflash.com 

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.