Latest News

വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; വീട്ടമ്മ അറസ്റ്റില്‍

അടൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ പിടിക്കിട്ടാപ്പുള്ളിയായിരുന്ന വീട്ടമ്മ അറസ്റ്റില്‍. റാന്നി നെല്ലിക്കമണ്‍ വളകൊടിക്കാവ് കിടാരക്കുഴി വീട്ടില്‍ രാജന്റെ ഭാര്യ മോളി രാജനെ (50)യാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

അടൂര്‍ പറക്കോട് മേലേതില്‍ ജോണ്‍സന്റെ മരുമകന് ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് 1.20 ലക്ഷം രൂപ അപഹരിച്ച കേസിലാണ് അറസ്റ്റ്. ഇവര്‍ക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരാതികള്‍ നിലവിലുണെ്ടന്നും പോലീസ് പറഞ്ഞു. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്കു റിമാന്‍ഡു ചെയ്തു.

മോളി രാജന്റെ കുടുംബാംഗങ്ങള്‍ക്കു ദുബായില്‍ ബിസിനസാണ്. ഇടയക്കു നാട്ടില്‍ എത്താറുള്ള മോളി വിദേശത്തു കൊണ്ടുപോകാമെന്നു വാഗ്ദാനം നല്‍കിയാണു പണം വാങ്ങുന്നത്. അതിനുശേഷം ഇവര്‍ വിദേശത്തേക്കു കടക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പിടിക്കപ്പടാതിരിക്കാന്‍ കേരളത്തിലെത്തുമ്പോള്‍ വേഷം മാറിയാണു നടന്നിരുന്നത്. 

കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് അടൂര്‍ പോലീസ് ഇവര്‍ക്കെതിരേ കേസെടുക്കുന്നത്. തുടര്‍ന്നു നാട്ടില്‍ എത്തിയതോടെ മറ്റൊരാളിന്റെ സഹായത്തോടെ കെണിയൊരുക്കി റാന്നിയില്‍ നിന്നു ചൊവ്വാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്.

രാജ്യം വിട്ടുപോകാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസും പോലീസ് ഇറക്കിയിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റ്, ഐടി കമ്പനികള്‍, നഴ്‌സ് തുടങ്ങിയ ജോലികള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. അടൂരിലേതു സമാനമായ രീതിയില്‍ നിരവധി തട്ടിപ്പുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയിട്ടുണെ്ടന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

കുളത്തൂപ്പുഴ, പുനലൂര്‍, ചെങ്ങന്നൂര്‍, റാന്നി, തൊടുപുഴ, ചിറ്റാര്‍, കാടാമ്പുഴ, മൂവാറ്റുപുഴ, സീതത്തോട് സ്റ്റേഷനുകളിലും ആലപ്പുഴ ക്രൈംബ്രാഞ്ചിലും മോളിക്കെതിരേ പരാതികളുണ്ട്. അടൂര്‍ സ്റ്റേഷനില്‍ ഇവരെ പിടികൂടിയതറിഞ്ഞു വിവിധ ഭാഗങ്ങളില്‍ തട്ടിപ്പിനിരയായവര്‍ അടൂര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. 

ഇവരുടെ കെണിയില്‍ കുടുങ്ങിയവര്‍ പണം ആവശ്യപ്പെട്ടാല്‍ അര്‍ബുദ രോഗിയാണെന്നും സുഖമില്ലെന്നും പറഞ്ഞും രക്ഷപെടുകയാണ് ചെയ്തിരുന്നത്. എറണാകുളത്ത് ഇവര്‍ക്ക് ഫ്‌ളാററുളളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. റാന്നി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട്‌ റാന്നി പുളിക്കല്‍ ലിസി ദിവാന്റെ മകന്‍ ജി. വര്‍ഗീസ് ദിവാന് 8000 ദിര്‍ഹം ശമ്പളം നല്‍കാമെന്നു പറഞ്ഞ് 60000 രൂപ വാങ്ങി തട്ടിപ്പു നടത്തിയതിന് റാന്നി പോലീസില്‍ പരാതിയുണ്ട്.

ചെങ്ങന്നൂരില്‍ 27 പേരുടെ കൈയില്‍ നിന്ന് 40,000 രൂപ വീതം വാങ്ങുകയും ജനുവരി 15ന് വിദേശത്ത് പോകാന്‍ ടിക്കറ്റ് തരാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്. 

സിഐ നന്ദകുമാര്‍, എസ്‌ഐ ഗോപകുമാര്‍, എഎസ്‌ഐ കൃഷ്ണന്‍കുട്ടി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റിക്‌സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്.

Keywords: Kerala, Adoor, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.