Latest News

75 അടി ആഴമുള്ള കിണറ്റില്‍ വീണ രണ്ടുവയസ്സുകാരന്‍ പോറലേല്‍ക്കാതെ രക്ഷപ്പെട്ടു

മലപ്പുറം: വീട്ടുമുറ്റത്തെ 75 അടി ആഴമുള്ള കിണറ്റില്‍ വീണ രണ്ടുവയസ്സുകാരന്‍ പരുക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ ഉടന്‍ രണ്ടുപേര്‍ രക്ഷാപ്രവര്‍ത്തനത്തിനു തുടക്കമിട്ടതും കുന്നിന്‍മുകളിലെ ഒറ്റപ്പെട്ട സ്ഥലമായിട്ടുപോലും അഗ്നിശമന സേന കുതിച്ചെത്തിയതുമാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. 

മലപ്പുറം പഴമള്ളൂര്‍ മുണ്ടക്കോട് മങ്കരത്തൊടി വീട്ടില്‍ ഫൗസിയയുടെയും പരേതനായ ഹബീബ് റഹ്മാന്റെയും മകന്‍ ഷഹിന്‍ഷാ ആണ് കിണറ്റില്‍ വീണത്. കിണറിന്റെ പകുതിയില്‍ നിന്ന് താഴേക്കുള്ള കോണ്‍ക്രീറ്റ് ചുറ്റുകളില്‍ തട്ടാതിരുന്നതും മൂന്നടി മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂവെന്നതും അനുഗ്രഹമായി.

ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. കിണറിന്റെ ആള്‍മറയ്ക്ക് ആവശ്യത്തിന് ഉയരമോ വലയോ ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ ശ്രദ്ധ പാളിയ ഒരുനിമിഷം കൊണ്ട് കിണറിനടുത്തെത്തി എത്തിനോക്കാന്‍ ശ്രമിച്ച കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടന്‍ അയല്‍വാസികളെയും അഗ്നിശമന സേനയെയും വിവരമറിയിച്ചു. 

സമീപത്തെ വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരുന്ന മുണ്ടക്കോട് തളികയില്‍ സുബ്രഹ്മണ്യനും പാലേങ്ങര റഷീദുമാണ് രക്ഷാപ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. വടം എത്തിച്ച് രണ്ടുപേരും കിണറ്റിലിറങ്ങി. കുട്ടിയെ എടുത്ത് കിണറിനടിയില്‍ തന്നെ നിന്നു. ഫയര്‍ഫോഴ്‌സ് എത്തി വലയും കയറുമുപയോഗിച്ച് മൂവരെയും പുറത്തെത്തിച്ചു. ആശുപത്രിയിലേക്കു മാറ്റിയ കുട്ടി സുരക്ഷിതനാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ വാഹനാപകടത്തിലാണ് പിതാവ് ഹബീബ് റഹ്മാന്‍ മരിച്ചത്.

നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍നിന്ന് അഗ്നിശമനസേനയുടെ നമ്പറായ 101ല്‍ വിളിച്ചപ്പോള്‍ 50 കിലോമീറ്റര്‍ അകലെ കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്‌റ്റേഷനാണ് കിട്ടിയത്. അവിടെനിന്ന് മലപ്പുറം സ്‌റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. കുത്തനെയുള്ള കയറ്റിറക്കങ്ങളും തകര്‍ന്നുതരിപ്പണമായ റോഡും പിന്നിട്ട് രക്ഷാവാഹനവും ആംബുലന്‍സും എത്തുകയും ചെയ്തു.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.