Latest News

അരുവിക്കരയില്‍ മത്സരിക്കാന്‍ ആം ആദ്മി; പ്രചാരണത്തിന് കെജ്‌രിവാളും എത്തിയേക്കും

തിരുവനന്തപുരം: അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആം ആദ്മി പാര്‍ട്ടി വെല്ലുവിളിയാകും.

ഇടത്-വലത് മുന്നണികളും ബിജെപിയും വാശിയോടെ രംഗത്ത് വരുന്ന തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യുന്ന ഓരോ വോട്ടും നിര്‍ണ്ണായകമാണ് എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2,56,662 വോട്ട് സംസ്ഥാനത്ത് നിന്ന് ആം ആദ്മി പാര്‍ട്ടി നേടിയിരുന്നു. ഇതില്‍ എറണാകുളത്ത് നിന്ന് മത്സരിച്ച പ്രമുഖ പത്രപ്രവര്‍ത്തക അനിതാ പ്രതാപിന് 51,517വോട്ടും തൃശൂരില്‍ന നിന്ന് മത്സരിച്ച പ്രശസ്ത എഴുത്തുകാരി സാറാ ജോസിന് 44,638വോട്ടും തിരുവനന്തപുരത്ത് മത്സരിച്ച മുന്‍ ഐപിഎസ് ഓഫീസര്‍ അജിത് ജോയിക്ക് 14,113വോട്ടും കോഴിക്കോട് മത്സരിച്ച കെ.പി രതീഷിന് 13,934 വോട്ടും ലഭിച്ചിരുന്നു.

അരുവിക്കര ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മത്സരിച്ചിരുന്നില്ല. പുതിയ തലമുറയില്‍പെട്ട നല്ലൊരു വിഭാഗം ആളുകള്‍ അരുവിക്കരയില്‍ വോട്ടര്‍മാരായി ഉള്ളത് ആം ആദ്മി പാര്‍ട്ടി പ്രതീക്ഷയോടെയാണ് കാണുന്നത്.

അതോടൊപ്പം തന്നെ മലീമസമായ കേരളത്തിലെ രാഷ്ട്രീയ മേഖലയോട് മുഖംതിരിക്കുന്ന സ്ത്രീകള്‍ അടക്കമുള്ള വോട്ടര്‍മാരുടെ പിന്‍തുണയും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് ഇതുവരെ നേതൃത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളത്തിലെ നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്ന് തന്നെയാണ് ചില സംസ്ഥാന നേതാക്കള്‍ നല്‍കുന്ന സൂചന.

ദേശീയ തലത്തില്‍ ആം ആദ്മി നേതൃത്വത്തിലുണ്ടായ ഭിന്നത പരിഹരിക്കപ്പെട്ടതും മറ്റ് സംസ്ഥാനങ്ങളിലും മത്സരിക്കണമെന്ന യോഗേന്ദ്ര യാഥവിന്റെയും പ്രശാന്ത് ഭൂഷണിന്റെയും നിലപാട് കെജ്‌രിവാള്‍ അംഗീകരിച്ചതും പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കിയതായാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.കേരളത്തിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് കേരള ഘടകം നേതാക്കള്‍ ഉടന്‍ തന്നെ കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.

ബാര്‍കോഴ വിവാദവും വനിത എംഎല്‍എമാര്‍ക്കെതിരായ പരാക്രമവും സാധാരണ ജനവിഭാഗത്തില്‍ കടുത്ത അതൃപ്തിക്ക് കാരണമാവുകയും നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളോട് അവമതിപ്പ് ഉണ്ടാക്കാന്‍ ഇടയാവുകയും ചെയ്തത് ഫലപ്രദമായി ഉപയോഗിക്കാന്‍ അരുവിക്കരയില്‍ കഴിയുമെന്ന കാര്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും.

മത്സരിക്കാന്‍ അനുമതി കിട്ടിയാല്‍ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനും അരവിന്ദ് കെജ്‌രിവാളിനെ പ്രചാരണത്തിന് കൊണ്ടുവരാനുമാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും കനത്ത പ്രഹരമേല്‍പ്പിച്ച് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി മുഖ്യമന്ത്രി സ്ഥാനത്തെത്തിയ കെജിരിവാള്‍ അരുവിക്കരയില്‍ പ്രചാരണത്തിനിറങ്ങിയാല്‍ വലിയ ഓളമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ആം ആദ്മി പാര്‍ട്ടി വോളന്റിയര്‍മാര്‍ക്കുള്ളത്.

അട്ടിമറി വിജയം നേടിയാലും ഇല്ലെങ്കിലും ആം ആദ്മി പാര്‍ട്ടി അരുവിക്കരയില്‍ മത്സരിച്ചാല്‍ അവര്‍ പിടിക്കുന്ന വോട്ടുകള്‍ ആയിരിക്കും ആര് വിജയിക്കുക എന്ന് തീരുമാനിക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വിജയം ആവര്‍ത്തിക്കാനിറങ്ങുന്ന യുഡിഎഫിനും മണ്ഡലം പിടിച്ചെടുത്ത് തിരിച്ചടിക്കാനൊരുങ്ങുന്ന എല്‍ഡിഎഫിനും ഇരുമുന്നണികളെയും ഞെട്ടിച്ച് മുന്നേറ്റം നടത്താനൊരുങ്ങുന്ന ബിജെപിക്കും ആം ആദ്മി പാര്‍ട്ടി വലിയ ഭീഷണിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
(കടപ്പാട്: എക്‌സ്പ്രസ്‌കേരള)

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.