ന്യൂഡല്‍ഹി: നൂഡില്‍സും കോളകളുമുള്‍പ്പെടെ പോഷകാംശം കുറഞ്ഞതും അധിക അളവില്‍ കൃത്രിമ വസ്തുക്കളും കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ രാജ്യത്തെ സ്കൂളുകളുടെ 50 മീറ്റര്‍ പരിധിയില്‍ വില്‍ക്കുന്നത് നിയന്ത്രിക്കാന്‍ ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടു.
അത്തരം ഭക്ഷണങ്ങള്‍ സ്കൂളുകളില്‍ നിരോധിക്കണമെന്ന ആവശ്യം നിരസിച്ച കോടതി ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും നിര്‍ദേശിച്ചു.
പിസ്സ, ബര്‍ഗര്‍, ചിപ്സ്, മിഠായി എന്നിവക്കെല്ലാം നിയന്ത്രണം ബാധകമാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ മൂന്നുമാസത്തിനകം നിയമമാക്കി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. സ്കൂള്‍ പരിസരങ്ങളില്‍ ഇവയുടെ പരസ്യങ്ങളും ഒഴിവാക്കേണ്ടി വരും. സ്കൂളുകളില്‍ ഗുണനിലവാരവും പോഷകമൂല്യങ്ങളുമുള്ള ഭക്ഷണം ലഭ്യമാക്കുകയും ബോധവത്കരണം നല്‍കുകയും വേണം.
കൃത്രിമ ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും സ്കൂളുകളില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ഉദയ് ഫൗണ്ടേഷന്‍ ഒഫ് ഇന്ത്യ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി വിധി.
കേസില്‍ പ്രാഥമിക വാദം കേട്ട കോടതി പോഷകമൂല്യം കുറഞ്ഞതും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുന്നതുമായ ഭക്ഷണശീലങ്ങളെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുകയായിരുന്നു. എഫ്.എസ്.എസ്.എ.ഐയുടെ മേല്‍നോട്ടത്തില്‍ പരിസ്ഥിതി പ്രവര്‍ത്തക സുനിത നാരായണ്‍ അധ്യക്ഷയായ സമിതിയാണ് പഠനം നടത്തിയത്.
No comments:
Post a Comment