Latest News

പ്രേമന്‍ വധം: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൂത്തുപറമ്പ: സിപിഎം പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പ് ചുണ്ടയിലെ ഓണിയന്‍ പ്രേമനെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹക് കണ്ണവം ശിവജി നഗറിലെ ശൈലേഷ് നിവാസില്‍ സി.എം. സജേഷ്(25), ശിവജി നഗറിലെ കളരിക്കല്‍ ഹൗസില്‍ രജീഷ്(26), ശിവജി നഗറിലെ തൈക്കണ്ടി ഹൗസില്‍ എന്‍. നിഖില്‍(21), ശിവജി നഗറിലെ പാറേമ്മല്‍ ഹൗസില്‍ രഞ്ജയ് രമേഷ്(20)എന്നിവരെയാണ് അന്വേഷണ സംഘത്തലവന്‍ കണ്ണൂര്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി.എന്‍.വിശ്വനാഥന്‍, കൂത്തുപറമ്പ് സിഐ കെ.പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിന് ഉപയോഗിച്ച കെഎല്‍ 58ഇ 8751നമ്പര്‍ കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. കളരിക്കല്‍ രജീഷിനെയും സജേഷിനെയും ചൊവ്വാഴ്ച വൈകിട്ട് തൊക്കിലങ്ങാടിയിലെ ആര്‍എസ്എസ് കാര്യാലയത്തിനു സമീപം വച്ചും രഞ്ജയ് രമേശിനെയും നിഖിലിനെയും കണ്ണവം വനത്തിലേക്കുള്ള റോഡില്‍ വച്ചുമാണ് അറസ്റ്റ് ചെയ്തത്.

പാനൂര്‍ പൂക്കോത്തെ വ്യാപാരിയായ റയീസിന്റെതാണ് അക്രമി സംഘം ഉപയോഗിച്ച കാര്‍. പെണ്ണുകാണല്‍ ചടങ്ങിന് വേണ്ടിയെന്നു പറഞ്ഞ് സജേഷ് കാര്‍ വാടകയ്‌ക്കെടുക്കുകയായിരുന്നു. ഈ കാര്‍ പൂക്കോത്തു വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതികളെ ബുധനാഴ്ച രാവിലെ സംഭവസ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പു നടത്തിയ ശേഷം തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നു സിഐ കെ.പ്രേംസദന്‍ പറഞ്ഞു.

ചിറ്റാരിപ്പറമ്പ് കള്ള്ഷാപ്പിലെ തൊഴിലാളിയായ ഓണിയന്‍ പ്രേമനെ ഫെബ്രുവരി 25നു രാത്രിയാണ് ഒരു സംഘം ചിറ്റാരിപ്പറമ്പ് ടൗണില്‍ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടി പരുക്കേല്‍പ്പിച്ചത്. ഇരുകാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റ പ്രേമന്‍ തലശേരി സഹ. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ 26ന് രാവിലെ ആറോടെ മരിച്ചു. ബിജെപി പ്രവര്‍ത്തകന്‍ ചുണ്ടയിലെ ബിജോയിയെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തിലെ വൈരാഗ്യത്താലാണ് പ്രേമനെ ആക്രമിച്ചതെന്നു പ്രതികള്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കണ്ണവം എസ്‌ഐ പി.കെ.പ്രകാശന്‍, എസ്‌ഐമാരായ ഗംഗാധരന്‍, പ്രകാശന്‍, കുഞ്ഞിക്കണ്ണന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുഭാഷ്, ബിജു, ജിജേഷ്, മജീദ്, എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ റാഫി, വിനോദ്, റജി സ്‌കറിയ, മിനീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.