Latest News

നിയമ യുദ്ധത്തില്‍ സി പി ഐ ക്ക് തോല്‍വി; ലോക്കല്‍ കമ്മിറ്റി ഓഫീസ് കുടിയൊഴിപ്പിക്കുന്നു

അജാനൂര്‍: വര്‍ഷങ്ങളോളം നീണ്ടു നിന്ന നിയമ യുദ്ധത്തില്‍ സി പി ഐ ക്ക് തോല്‍വി. വെള്ളിക്കോത്ത് കഴിഞ്ഞ 35 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ച് വരികയായിരുന്ന സി പി ഐ അജാനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് കുടിയൊഴിപ്പിക്കുന്നു. വെളളിയാഴ്ച ഈ ഓഫീസിന് പൂട്ടിടും.

കെട്ടിട ഉടമ വെള്ളിക്കോത്ത് സ്വദേശിനി ചീനമാടത്ത് സുബൈദ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സി പി ഐ ഓഫീസും താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളിക്കോത്ത് സ്വദേശി ടി ഗോപാലന്റെ വ്യാപാര സ്ഥാപനവും ഒഴിപ്പിക്കുന്നതിന് കോടതിയെ സമീപിച്ചിരുന്നു.
വര്‍ഷങ്ങള്‍ നീണ്ടു നിന്ന നിയമ യുദ്ധത്തിനൊടുവില്‍ കെട്ടിട ഉടമക്ക് അനുകൂലമായി ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. 

ഈ വിധി നടപ്പിലാക്കി കിട്ടാന്‍ സുബൈദ മുന്‍സിഫ് കോടതിയില്‍ പ്രത്യേക ഹരജി സമര്‍പ്പിച്ചു. മാര്‍ച്ച് 6 നകം കെട്ടിടം ഒഴിയണമെന്ന് സിപി ഐ ലോക്കല്‍ സെക്രട്ടറിക്കും വ്യാപാരി ടി ഗോപാലനും മുന്‍സിഫ് കോടതി നിര്‍ദ്ദേശം നല്‍കുകായിരുന്നു. ഒട്ടേറെ ശ്രദ്ധേയകേന്ദ്രമാണ് ഈ പഴയ ഓടിട്ട കെട്ടിടം. സി പി ഐ ഓഫീസ് പ്രവര്‍ത്തിച്ച മുറിയില്‍ പണ്ട് പഞ്ചായത്ത് വക പത്രപാരായണത്തിന് സൗകര്യമൊരുക്കിയിരുന്നു.
നാട്ടുകാരെ വാര്‍ത്ത അറിയിക്കാന്‍ വലിയ റേഡിയോയും കോളാമ്പി മൈക്കും ഈകെട്ടിടത്തില്‍ സജ്ജീകരിച്ചിരുന്നു. ഒരു കാലത്ത് അജാനൂര്‍ തപാല്‍ ഓഫീസും ഇതേ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചത്.
നാല്‍പ്പത് വര്‍ഷത്തോളം മുമ്പ് മുന്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കര്‍ത്തമ്പുവാണ് ഇവിടെ വ്യാപാരം തുടങ്ങിയത്. അന്ന് പ്രതിമാസ വാടക പത്ത് രൂപ മാത്രമായിരുന്നു.
പിന്നീട് എം കര്‍ത്തമ്പു ബീഡി മേഖലയിലേക്ക് തിരിഞ്ഞതോടെ ഈ വ്യാപാര സ്ഥാപനം ഭാര്യാസഹോദരന്‍ ഗോപാലന് കൈമാറുകയായിരുന്നു.
അന്തരിച്ച സി പി ഐ നേതാവ് അമ്പു നായര്‍ മുന്‍ കൈയ്യെടുത്താണ് ഈ കെട്ടിടത്തില്‍ സി പി ഐ ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. തുടക്കത്തില്‍ പ്രതിമാസ വാടക രണ്ട് രൂപ മാത്രമായിരുന്നു. ഏറ്റവും ഒടുവില്‍ വാടക പതിനഞ്ച് രൂപയായി ഉയര്‍ത്തി.

Keywords: Kasaragod, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.