കാസര്‍കോട്: (www.malabarflash.com)നായന്മാര്‍മൂല ടൗണില്‍ സ്‌കൂളിന്റെ മതിലിന് ഓലകീറ് ചാരിവെച്ച് മഴയത്തും വെയിലത്തും നരക ജീവിതം നയിച്ചിരുന്ന എണ്‍പതുകാരിയായ ഖദീജയും അവരുടെ മാനസികരോഗിയായ മകന്‍ മഹ്മൂദും ഇനി മഴയേയും വെയിലിനേയും പേടിക്കാതെ കിടന്നുറങ്ങും. ഓലകീറുകള്‍ക്ക് പകരം മനോഹരമായ കോണ്‍ക്രീറ്റ് വീടാണ് അവര്‍ക്ക് വേണ്ടി ഒരുങ്ങിയത്.
ശനിയാഴ്ച പ്രഭാതത്തില്‍ അവര്‍ ആ വീട്ടിലേക്ക് വലതുകാല് വെച്ച് കയറി ആഹ്ലാദത്തിന്റെ പാലു കാച്ചി.
കാസര്‍കോട്ടെ യുവ മാധ്യമ പ്രവര്‍ത്തകന്‍ എ.ബി കുട്ടിയാനം തയ്യാറാക്കിയ ഖദീജയുടെ ദയനീയ കഥയില്‍ കരളലിഞ്ഞുപോയ ദുബൈയിലെ യുവ വ്യാപാരിയും ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശിയുമായ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദാണ് ഖദീജക്കും മകനും വേണ്ടി സുന്ദരമായ വീടു നിര്‍മ്മിച്ചു നല്‍കിയത്.
ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ഇഖ്ബാലിന്റെ ഉമ്മ നഫീസ ഹജ്ജുമ്മ വീടിന്റെ താക്കോല്‍ നല്‍കിയപ്പോല്‍ ഖദീജുമ്മയുടെ കണ്ണൂകള്‍ നിറഞ്ഞു പോയി. സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഭാഗ്യം ലഭിച്ചതില്‍ അവര്‍ അല്ലാഹുവിനെ സ്തുതിച്ചു... ഒപ്പം തനിക്കും മകനും ഈ സുന്ദര ഭവനം ഒരുക്കി തന്ന ഇഖ്ബാലിന് വേണ്ടി ആ ഉമ്മ മനസ്സ് തുറന്ന് പ്രാര്‍ത്ഥിച്ചു...
ഈ സുന്ദര മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ ഇഖ്ബാലിന്റെ സഹോദരങ്ങളും സുഹൃത്തുക്കളും ഒപ്പം ഖദീജുമ്മാക്ക് വീടൊരുക്കുന്നതിനായി എല്ലാ സഹകരണങ്ങളും ചെയ്തു നല്‍കിയ നായന്മാര്‍മൂലയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും എത്തിയിരുന്നു.
തുടര്‍ന്ന് ഖാദര്‍ പാലോത്തിന്റെ അധ്യക്ഷതയില്‍ നടന്ന അനുമോദന യോഗം സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു.
വീട് നിര്‍മ്മിച്ചു നല്‍കിയ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന് സി.ടി. അഹമ്മദലിയും ഖദീജുമ്മയുടെ കഥ പുറത്തുകൊണ്ടുവന്ന എ.ബി കുട്ടിയാനത്തിന് ഖാദര്‍ പാലോത്തും ഉപഹാരം നല്‍കി.
പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മര്‍, സലാമിയ സലീം, പി.ഐ നാസര്‍, കബീര്‍ ടോപ്പ് ഗിയര്‍, ഫസലു അബ്ദുല്‍ ഹമീദ്, ഹനീഫ പി.എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു. ലത്തീഫ് പാണലം സ്വാഗതം പറഞ്ഞു.
No comments:
Post a Comment