Latest News

യുഡിഎഫ് കരിദിനം കാഞ്ഞങ്ങാട്ട് മുസ്‌ലിം ലീഗ് ബഹിഷ്‌കരിച്ചു

കാഞ്ഞങ്ങാട്: നിയമസഭയില്‍ സ്പീക്കറുടെ ഡെയ്‌സ് തകര്‍ത്ത് പ്രതിപക്ഷം നടത്തിയ അതിക്രമത്തിനെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത കരിദിനം കാഞ്ഞങ്ങാട്ട് മുസ്‌ലീം ലീഗ് ബഹിഷ്‌കരിച്ചു. 

ഞായറാഴ്ച വൈകീട്ട് പുതിയകോട്ടയില്‍ നിന്നാരംഭിച്ച കരിദിന റാലിയിലും കോട്ടച്ചേരി ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ യോഗത്തിലും കാഞ്ഞങ്ങാട്ടെ ലീഗ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തില്ല.
കാഞ്ഞങ്ങാട് നഗരസഭയുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ കാഞ്ഞങ്ങാട്ട് കോണ്‍ഗ്രസുമായി സഹകരണമില്ലെന്ന നിലപാടിലാണ് പ്രാദേശിക ലീഗ് നേതൃത്വം. ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന് ലീഗ് കൗണ്‍സിലര്‍മാര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം ശക്തമായ നടപടി സ്വീകരിക്കുകയും ഭരണം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ഇതേ സമയം കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടിക്കെതിരെയുള്ള അവിശ്വാസത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് നേതൃത്വം പിന്‍മാറിയത് ലീഗ് നേതാക്കളെ ചൊടിപ്പിക്കുകയും ചെയ്തു. ഇതാണ് കരിദിന ബഹിഷ്‌ക്കരണത്തിന് കാരണമെന്ന് പറയപ്പെടുന്നു. 

കാഞ്ഞങ്ങാട് നഗരസഭയില്‍ യുഡിഎഫ് ബന്ധം നാളുകളായി താറുമാറായിട്ടും ജില്ലാ യുഡിഎഫ് നേതൃത്വം പ്രശ്‌നത്തില്‍ വേണ്ടവിധം ഇടപെട്ടിട്ടില്ലെന്നാണ് ലീഗ് പ്രവര്‍ത്തകരുടെ പരാതി.
ഇതേ സമയം ജില്ലയിലെ മറ്റുകേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ ലീഗ് പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.
കാഞ്ഞങ്ങാട്ട് നടന്ന പ്രതിഷേധ യോഗം കെപിസി സി നിര്‍വ്വാഹക സമിതി അംഗം അഡ്വ.എം.സി.ജോസ് ഉദ്ഘാടനം ചെയ്തു. സിഎംപി ജില്ലാ സെക്രട്ടറി ജി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ പി.കെ.ചന്ദ്രശേഖരന്‍, അഡ്വ.കെ.കെ.നാരായണന്‍, ബ്ലോക്ക് പ്രസിഡണ്ടുമാരായ ഡി.വി.ബാലകൃഷ്ണന്‍, ബാബു കദളി മറ്റം, മണ്ഡലം പ്രസിഡണ്ട് അഡ്വ.ടി.ബാബുരാജ്, കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ബി.പി.പ്രദീപ് കുമാര്‍, എം.കുഞ്ഞികൃഷ്ണന്‍, അനില്‍ വാഴുന്നോറടി, സി.വി.ഭാവനന്‍, പത്മരാജന്‍ ഐങ്ങോത്ത് , കെ.പി.മോഹനന്‍, ടി.വി.നാരായണ മാരാര്‍, എന്‍.കെ.രത്‌നാകരന്‍ കെ.ദിനേശന്‍, കെ.പി. ബാലകൃഷ്ണന്‍, ബാബു കോഹിന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.