Latest News

ശ്രേയയെ രക്ഷിക്കാന്‍ നമുക്ക് കൈകോര്‍ക്കാം

കാഞ്ഞങ്ങാട്: (www.malabarflash.com) ശ്രേയാദാസും, ശ്വേതാദാസും രാവിലെ സ്‌കൂളിലേക്ക് പോകും. ദയാദാസ് അങ്കണ്‍വാടിയിലേക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ പിതാവ് പണിക്ക് പോയില്ലെങ്കില്‍ അടുക്കളയില്‍ തീ പുകയില്ല.

ആരോഗ്യം അതിന് സമ്മതിക്കില്ലെങ്കിലും മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ ഹരിദാസ് കോണ്‍ക്രീറ്റ് പണിക്ക് സഹായിയായി പോകും. പിന്നെ രോഗിയായ അമ്മ ഷൈജ തല ചായ്ക്കാന്‍ പോലും ഇടമില്ലാത്ത ഒറ്റമുറി വാടക വീട്ടില്‍ ഒറ്റയ്ക്ക്. കുഞ്ഞുങ്ങളെ ഓര്‍ത്ത് കരഞ്ഞ് സമയം തീര്‍ക്കും. ആറു വയസ്സുകാരിയായ ശ്രേയയ്ക്ക് ജനന സമയത്ത് തന്നെ ഒരു വൃക്ക തകരാറിലാണെന്നും, മറ്റേ വൃക്കയ്ക്ക് കൂടി രോഗം പകരാതിരിക്കണമെങ്കില്‍ എത്രയും വേഗം ശസ്ത്രക്രിയ വേണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ആകെ ഉള്ള സ്വര്‍ണ്ണവും മറ്റും വിറ്റ് കിട്ടിയ കാശ് കൊണ്ട് ശ്വേതാദാസിന്റെ ഹൃദയശസ്ത്രക്രിയ നടത്തി. അവള്‍ക്ക് ഇപ്പോഴും മരുന്ന് വേണം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിച്ചേര്‍ക്കാന്‍ പാടുപെടുന്ന ഈ കുടുംബം മകളുടെ കാര്യം ഓര്‍ക്കാത്തത് കൊണ്ടല്ല. ചികില്‍സയ്ക്ക് വേണ്ടി വരുന്ന ചെലവ് തങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയില്ലെന്ന് അവര്‍ക്കറിയാം. 

ഇതിനിടയില്‍ വീട്ടില്‍ സന്ദര്‍ശകനായെത്തിയ അരയി ഗവ.യുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് കുട്ടികളുടെ ദയനീയാവസ്ഥ നാട്ടുകാര്‍ അറിയുന്നത്. അരയി ഗവ.യുപി സ്‌കൂള്‍ പാവപ്പെട്ടവരെ സഹായിക്കുന്ന ഒരുപിടി സാന്ത്വനം പദ്ധതികളുടെ ഭാഗമായി കുട്ടികളുടെ ചികില്‍സയ്ക്ക് ജനകീയ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു.
യോഗത്തില്‍ വെച്ച് ശ്രേയാദാസ് ചികില്‍സാ സഹായനിധി സമാഹരണ സമിതിക്ക് രൂപം കൊടുത്തു. 

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ ഉദ്ഘാടനം ചെയ്തു. കെ.അമ്പാടി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, കൗണ്‍സിലര്‍ സി.കെ.വല്‍സലന്‍, പിടിഎ പ്രസിഡന്റ് പി.രാജന്‍, ബി.കെ.യൂസഫ്ഹാജി, കെ.നാരായണന്‍, എ.കൃഷ്ണന്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സി.കെ.വല്‍സലന്‍ (ചെയര്‍മാന്‍), ബി.കെ.യൂസഫ്ഹാജി, പി.രാജന്‍ (വൈസ് ചെയര്‍മാന്‍), കൊടക്കാട് നാരായണന്‍ (കണ്‍വീനര്‍), കെ.അമ്പാടി (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി ചികില്‍സാസമിതി നിലവില്‍ വന്നു. 

കാനറ ബാങ്ക് കാഞ്ഞങ്ങാട് ശാഖയിലെ അക്കൗണ്ട് നമ്പര്‍: 0724101092265 (ഐഎഫ്‌സി കോഡ്: സിഎന്‍ആര്‍ബി 0000724). 
ഫോണ്‍: 9447394587, 9947207817.


Keywords: Kasaragod, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.