Latest News

ഭര്‍തൃഗൃഹത്തില്‍വച്ച് ക്രൂരമായി പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍

കാഞ്ഞങ്ങാട്: (www.malabarflash.com) ഭര്‍തൃഗൃഹത്തില്‍വച്ച് ക്രൂരമായി പൊള്ളലേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂളിയങ്കാലിലെ നസീയയ്ക്കാണ് (31) മുഖത്തും കൈകാലുകളിലും വയറിലും ഉള്‍പ്പെടെ ഇസ്തിരിപ്പെട്ടി കൊണ്ടുള്ള പൊള്ളലേറ്റത്. വലതുകൈയ്ക്കു പൊട്ടലുമുണ്ട്.

സംഭവത്തില്‍ ഭര്‍ത്താവ് നീലേശ്വരം റയില്‍വേ സ്‌റ്റേഷനടുത്തെ ഫൈസല്‍, സഹോദരി ഡോ. നാദിറ, ഉമ്മ ഫാത്തിമ എന്നിവര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. സ്ത്രീപീഡനത്തിനും ഗുരുതരമായി പരുക്കേല്‍പ്പിച്ചതിനുമാണു കേസ്. പീഡനത്തെക്കുറിച്ചു പുറത്തു പറയരുതെന്നു ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ ചികില്‍സ തേടാന്‍ കഴിയാതിരുന്ന യുവതിയെ വീട്ടുകാരെത്തി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച സഹോദരന്‍ ഹര്‍ഷാദ് നസീയയെ കാണാനെത്തുമ്പോഴാണ് സംഭവമറിഞ്ഞത്. ദിവസങ്ങളായി ഭക്ഷണം കൊടുത്തിരുന്നില്ലെന്നും മര്‍ദനവും പൊള്ളലേല്‍പ്പിക്കലും ഉള്‍പ്പെടെയുള്ള പീഡനം പതിവായിരുന്നതായും പരാതിയിലുണ്ട്. പുറത്തു പറഞ്ഞാല്‍ ആസിഡ് ഒഴിച്ചു കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി മൊഴി നല്‍കി.

വിവാഹസമയത്ത് 60 പവന്‍ നല്‍കിയിരുന്നതായി യുവതിയുടെ ഉപ്പ സി. അബ്ദുല്ലകുഞ്ഞി പറഞ്ഞു. പിന്നീടും പലപ്പോഴായി പണം നല്‍കിയിരുന്നതായും ബിസിനസിനെന്ന പേരില്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു. 

ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി ഇവരില്‍ നിന്നും മൊഴിയെടുത്തു.


Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.