രാജപുരം: (www.malabarflash.com)യമനിലെ ആഭ്യന്തര യുദ്ധത്തില്‍ സ്വന്തം മുറിയില്‍ ഭക്ഷണവും വെളളവുമില്ലാതെ കുടുങ്ങി കിടക്കുന്നവരില്‍ കാസര്‍കോട് സ്വദേശിയും ഉള്‍പ്പെടുന്നു. ഒടയംചാലിനടുത്ത് കോടോം പാലക്കല്‍ വീട്ടില്‍ ജോസഫ് -ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ജിന്റോ (34)യാണ് യമനിലെ ഏദനില്‍ ഏഴു മലയാളുകള്‍ക്കൊപ്പം സ്വന്തം മുറിയില്‍ ഭക്ഷണവും വെളളവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത്.
ഏദനിലെ ലുലു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയാണ് ജിന്റോ. അഞ്ചു വര്‍ഷം മുമ്പാണ് ജിന്റോ യമനിലെത്തിയത്. രണ്ടു വര്‍ഷം മുമ്പ് വീട്ടില്‍ വന്നുപോയിരുന്നതായി പിതാവ് ജോസഫ് പറയുന്നു.
പുറത്ത് കാതടപ്പിക്കുന്ന സ്‌ഫോടന ശബ്ദവും ഘോരയുദ്ധവും നടക്കുകയാണെന്നും പുറത്തിറങ്ങാന്‍ നിവൃത്തിയില്ലെന്നും ജിന്റോ വീട്ടിലേക്ക് വിളിച്ചപ്പോള്‍ പറഞ്ഞതായി മാതാപിതാക്കള്‍ പറഞ്ഞു. ജിന്റോയുടെ ഭാര്യ ജിന്‍സി ഒന്നര വയസുളള മകള്‍ ജുമീമയെ നെഞ്ചോടു ചേര്‍ത്ത് ഭര്‍ത്താവിന് ഒരു ആപത്തും വരുത്തരുതേയെന്നുള്ള പ്രാര്‍ഥനയിലാണ്.
യുദ്ധത്തില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാരെ രക്ഷിക്കാന്‍ രണ്ടു കപ്പലുകള്‍ അവിടേയ്ക്ക് അയച്ചതായി സംസ്ഥാന സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കപ്പലുകള്‍ അവിടെയെത്താന്‍ അഞ്ചുദിവസമെടുക്കുമെന്നത് കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ കുടുംബങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. കയ്യിലുളള ഭക്ഷണവും വെളളവും തീര്‍ന്നാല്‍ എന്തുചെയ്യുമെന്നതാണ് ഇവരെ ഉത്കണ്ഠാകുലരാക്കുന്നത്.
No comments:
Post a Comment