Latest News

ഖാസി നിയമനം: കലക്ടര്‍ക്ക് പരാതി നല്‍കിയത് വ്യാജ ഒപ്പിട്ട്‌

ബേക്കല്‍: ബേക്കല്‍ ഇല്ല്യാസ് ജമാഅത്ത് ഖാസിയായി പി.എം ഇബ്രാഹിം മുസ്‌ല്യാരെ തിരഞ്ഞെടുത്ത ജമാഅത്ത് കമ്മിററിയുടെ തീരുമാനത്തിനെതിരെ കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് ജമാഅത്തിലെ ചിലര്‍ നല്‍കിയ പരാതിയിലെ ഒപ്പുകള്‍ വ്യാജമാണെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കലക്ടര്‍ക്ക് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ നിര്‍ദ്ദേശം നല്‍കി.

ജനുവരി 9 ന് ഇല്ല്യാസ് ജമാഅത്തിന്റെ ജനറല്‍ ബോഡിയോഗത്തില്‍ വെച്ച് ഭൂരിപക്ഷ അഭിപ്രായത്തെ തുടര്‍ന്ന് ബേക്കല്‍ ഇബ്രാഹിം മുസ്‌ല്യാരെ മഹല്ല് ഖാസിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയ കെ. അബ്ബാസ് ഹാജി തുടങ്ങി 43 പേര്‍ ഒപ്പിട്ട് ഖാസി സ്ഥാനാരോഹണം തടയണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഖാസിയുടെ നിയമനം താല്‍ക്കാലികമായി തടയാന്‍ ബേക്കല്‍ പോലീസിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി. എന്നാല്‍ ബേക്കല്‍ പോലീസ് ഇല്ല്യാസ് ജമാഅത്ത് കമ്മിററിക്ക് നിര്‍ദ്ദേശം കൈമാറുന്നതിന് മുമ്പ് തന്നെ ഖാസിയുടെ സ്ഥാനാരോഹണം നടത്തിയിരുന്നു.
സംഭവം വിവാദമായതോടെ ഇബ്രാഹിം മുസ്‌ല്യാരെ ഖാസിയായി തിരഞ്ഞെടുക്കുന്നതിനെതിരെ നല്‍കിയ പരാതിയില്‍ ഒപ്പിട്ട നാലു പേര്‍ ജമാഅത്ത് കമ്മിററിക്ക് നേരിട്ട് മാപ്പ് അപേക്ഷിച്ചു കൊണ്ടുളള കത്ത് നല്‍കി. തങ്ങളെ തെററിദ്ധരിപ്പിച്ചാണ് പരാതിയില്‍ ഉപ്പിടീച്ചതെന്നാണ് ജമാഅത്ത് അംഗങ്ങളായ എ.എം റസാഖ്, റഫീഖ് ഹംസ, ജമീല മൊയ്തു, നാസര്‍ തുടങ്ങിയവര്‍ ജമാഅത്ത് കമ്മിററിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. 

ഇതോടെ ഖാസി നിയമനത്തിനെതിരെ കലക്ടര്‍ക്ക് നല്‍കിയ പരാതിയുടെ സത്യാവസ്ഥ അറിയുന്നതിനായി ജമാഅത്ത് കമ്മിററി പ്രസിഡണ്ട് എം.എ മജീദ് വിവര അവകാശ നിയമ പ്രകാരം അപേക്ഷനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്തിന്റെ മുന്‍ പ്രസിഡണ്ടായ അബ്ബാസ് ഹാജിയും മററ് 43 പേരും ഒപ്പിട്ട ഒരു പരാതി ജില്ലാ കലക്ടര്‍ക്ക് നല്‍കിയതായുളള രേഖ ലഭിച്ചു.
പ്രസ്തുത പരാതിയോടൊപ്പം ഒപ്പിട്ടതായി കാണുന്ന ചില ജമാഅത്ത് അംഗങ്ങള്‍ ഒപ്പ് നല്‍കിയിട്ടില്ലെന്നും അവരുടെ ഒപ്പുകള്‍ വ്യാജമായി ഇടുകയായിരുന്നുവെന്നും ജമാഅത്ത് കമ്മിററി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ പരാതിയില്‍ ഒപ്പിട്ടുവെന്ന് പറയപ്പെടുന്ന അംഗങ്ങളില്‍ ചിലര്‍ ഗള്‍ഫിലാണ് ഉളളത്. ഇത് കാണിച്ച് ജമാഅത്ത് കമ്മിററി പ്രസിഡണ്ട് എം.എ മജീദ് നല്‍കിയ പരാതിയിലാണ് ജില്ലാ കലക്ടര്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.
അതിനിടെ ജമാഅത്ത് കമ്മിററിക്കെതിരെ വ്യാജ ഒപ്പിട്ട് പരാതി നല്‍കിയ മുന്‍ പ്രസിഡണ്ടുമാരായ കെ. അബ്ബാസ് ഹാജി, ബി.കെ. അബ്ദുല്ല എന്നിവര്‍ക്ക് ജമാഅത്ത് കമ്മിററി നോട്ടിസ് അയച്ചു.


Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.