Latest News

അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ബജറ്റ് ദിവസം നിയമസഭയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ അഞ്ച് പ്രതിപക്ഷ എം.എല്‍.എ.മാരെ സസ്‌പെന്‍ഡ് ചെയ്തു. കെ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, ഇ.പി ജയരാജന്‍, കെ അജിത്, കെ.ടി ജലീല്‍, വി.ശിവന്‍കുട്ടി എന്നിവരെയാണ് പുറത്താക്കിയത്. സ്പീക്കറുടെ ഡയസ്സില്‍ കയറി സംഘര്‍ഷമുണ്ടാക്കിയതിനാണ് നടപടി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്. മലയാളികള്‍ക്കെല്ലാം നാണക്കേടായ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ വളരെ വിഷമത്തോടെയാണ് നടപടിയെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്തെ ഒരു എം.എല്‍.എ. പോലും സ്പീക്കറുടെ വേദിയില്‍ കയറിയില്ലെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അവരുടെ സീറ്റിനടുത്തെത്തിയാണ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ അവരെ ഉപദ്രവിച്ചത്. എല്ലാം ലോകം മുഴുവന്‍ കണ്ടകാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഏകപക്ഷീയമായ ഈ നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷത്തിന് വേണ്ടി വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. സഭയില്‍ വനിത എംഎല്‍എമാരെ അപമാനിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് അദ്ദേഹം ചോദിച്ചു. ആംഗ്യം കാണിച്ചാല്‍ ബജറ്റാകുമോ? കെ.എം മാണിക്കും ഉമ്മന്‍ചാണ്ടിക്കും കൂട്ടുപിടിക്കുകയാണ് സ്പീക്കര്‍ ചെയ്യുന്നത്. ഈ സ്പീക്കര്‍ സഭയ്ക്ക് തന്നെ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 13-ന് നടന്നത് അപമാനകരമായ സംഭവങ്ങളാണെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നാം ഓരോരുത്തരും സ്വയം ലജ്ജിക്കണം. കേരളീയരോട് മാപ്പ് പറയണം. ഈ നാണംകെട്ട സംഭവം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ ഒരുനിയമസഭയിലും ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സഭ താത്കാലികമായി നിര്‍ത്തിവെച്ച് അദ്ദേഹം കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. അപ്പോഴാണ് അച്ചടക്കനടപടിക്കുള്ള തീരുമാനം കൈക്കൊണ്ടത്.

Keywords: Kerala,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.