Latest News

മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം; മസ്തിഷ്‌കാഘാതം സംഭവിച്ച അധ്യാപിക മരിച്ചു

ഇടുക്കി: വിദ്യാഭ്യാസ വകുപ്പിലെ മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌കാഘാതം സംഭവിച്ച പ്രധാനാധ്യാപിക മരിച്ചു. കണ്ണൂര്‍ സ്വദേശിയും കുഞ്ചിത്തണ്ണി ഗവ. ഹൈസ്‌കൂളിലെ പ്രധാനാദ്ധ്യാപികയുമായ ഇ.പി.പുഷ്പലതയാണ് (51) ബുധനാഴ്ച പുലര്‍ച്ചെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

സ്‌കൂള്‍ പരിശോധനയുടെ പേരിലുള്ള മാനസികപീഡനവും ഭീഷണിപ്പെടുത്തലിനെയും തുടര്‍ന്നാണ് മകള്‍ക്ക് ഈ അവസ്ഥയുണ്ടായതെന്നു കാണിച്ച് അധ്യാപികയുടെ അമ്മ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അടക്കമുള്ളവര്‍ക്കു പരാതി നല്‍കിയിരുന്നു.
സ്‌കൂളില്‍ പുതുതായി നിയമിതയായ ക്ലാര്‍ക്കിന് അവധി നല്‍കിയ വിഷയത്തില്‍ ആറിന് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സ്‌കൂളില്‍ പരിശോധന നടത്തിയിരുന്നു.
ക്ലാര്‍ക്കായ ജീവനക്കാരി ബിരുദ പരീക്ഷയുമായി ബന്ധപ്പെട്ട് ശമ്പളം ഇല്ലാതെയുള്ള അവധി എടുത്തിരുന്നു. ഈ യുവതി എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കവേ ആശ്രിത നിയമനത്തിലാണ് സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കുന്നത്.
ഇവര്‍ ശമ്പളമായി വാങ്ങിയ തുക മുഴുവനും പ്രധാന അധ്യാപികയായ പുഷ്പലത തിരിച്ചടക്കാന്‍ തയാറാകണമെന്നും ഇല്ലാത്ത പക്ഷം ജോലി പോകുമെന്നും ജയിലില്‍ കിടക്കേണ്ടതായി വരുമെന്നും പരിശോധനക്കെത്തിയ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി സംഭവ സമയം സ്‌കൂളിലുണ്ടായിരുന്ന സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. ജയന്‍ പറഞ്ഞു.
പരിശോധനാ സമയം അധ്യാപിക കരയുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷം വീട്ടിലെത്തിയ അദ്ധ്യാപിക കുഴഞ്ഞുവീഴുകയായിരുന്നു.
കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ പുഷ്പലത ഈ അധ്യയന വര്‍ഷമാണ് പ്രധാനാദ്ധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ച് കുഞ്ചിത്തണ്ണി സ്‌കൂളിലെത്തിയത്. റിട്ട.ഡി.ഇ.ഒ ആയ ഭര്‍ത്താവ് മോഹനനുമൊത്ത് വാടകവീട്ടിലായിരുന്നു താമസം. രണ്ടു പെണ്‍മക്കളുണ്ട്. മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.