Latest News

ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. സാമൂഹ്യ മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പാണ് റദ്ദാക്കിയത്. 66 എ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് വകുപ്പെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ വകുപ്പുകള്‍ ആവശ്യമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി.

നിയമ വിദ്യാര്‍ഥിനി ശ്രേയ സിംഗാള്‍ അടക്കമുള്ളവരാണ് 66 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. വകുപ്പിലെ വ്യവസ്ഥകള്‍ അവ്യക്തമാണെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദുരുപയോഗപ്പെടുത്താനുള്ള സാധ്യതമാത്രം കണക്കിലെടുത്ത് വകുപ്പ് റദ്ദാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും സുപ്രീം കോടതി ഈ ആവശ്യം അംഗീകരിച്ചില്ല.

2012 ല്‍ മുംബൈയില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായ സംഭവത്തെത്തുടര്‍ന്നാണ് ശ്രേയ സിംഗാള്‍ അടക്കമുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ബാല്‍ താക്കറെയുടെ മരണത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നതോടെ വിവാദ ഐ ടി നിയമങ്ങള്‍ ചര്‍ച്ചാവിഷയമായി. തുടര്‍ന്ന്, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെ 66 എ വകുപ്പ് പ്രകാരം ആരെയും അറസ്റ്റ് ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Keywords:National, MalabarFlash, Malabar Vartha, Malabar News, Malayalam 
.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.