ദമസ്‌കസ്: ക്യാമറയുടെ ലെന്‍സ് തനിക്ക് നേരെ നീണ്ടപ്പോള്‍ തോക്കാണെന്ന് കരുതി ഇരു കൈകളും മേല്‍പ്പോട്ട് ഉയര്‍ത്തി കീഴടങ്ങാന്‍ ഭാവത്തില്‍ നില്‍ക്കുന്ന പിഞ്ചു ബാലികയുടെ ദൈന്യതയാര്‍ന്ന മുഖം നമ്മള്‍ മറന്നിട്ടുണ്ടാകില്ല.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ലോകമനസ്സാക്ഷിയെ കണ്ണീരണിയിച്ച സിറിയന്‍ ബാലികയുടെ ചിത്രത്തിന്റെ ആധികാരികത സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് അവസാനമാകുന്നു. ചിത്രം വ്യാജമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഉയര്‍ന്നതോടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറുടെയും കുട്ടിയുടെ കുടുംബത്തിന്റെയും വിവരങ്ങളും പുറത്തുവന്നു.
ഗാസയിലെ ഫോട്ടോ ജേര്‍ണലിസ്റ്റ് നാദിയാ അബൂഷാബറാണ് ഈ ചിത്രം ആദ്യമായി ട്വിറ്ററിലിട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് പേര്‍ റീട്വീറ്റ് ചെയ്ത ചിത്രം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലും ഞൊടിയിടയില്‍ പ്രചരിച്ചു. ഇതോടെയാണ് ചിത്രം വ്യാജമാണെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉയര്‍ന്നത്.
എന്നാല്‍ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ കുറിച്ചും കുട്ടിയെക്കുറിച്ചുമുള്ള പൂര്‍ണവിവരങ്ങള്‍ നാദിയ തന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. തുര്‍ക്കിഷ് ഫോട്ടോഗ്രാഫറായ ഉസ്മാന്‍ സാഗിരിയാണ് ചിത്രം പകര്‍ത്തിയതെന്ന് നാദിയയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. നാലുവയസ്സുകാരിയായ ഹുദേയയാണ് ചിത്രത്തിലെ താരം. ഉസ്മാന്‍ സാഗിരിയുടെ ചിത്രം ആദ്യമായി അച്ചടിച്ചുവന്ന പത്രത്തിന്റെ കട്ടിംഗും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ആധികാരിക ഉറപ്പാക്കാന്‍ ഫോട്ടോഗ്രാഫറുടെ പടവും നാദിയ പ്രസിദ്ധീകരിച്ചു.
സിറിയ തുര്‍ക്കി അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഈ പിഞ്ചു ബാലികയുടെ പടം ഉസ്മാന്‍ സാഗിരി ക്യാമറയില്‍ പകര്‍ത്തിയത്. യുദ്ധക്കെടുതികള്‍ പകര്‍ത്തുകയായിരുന്ന ഉസ്മാന്‍ സാഗിരിയുടെ കണ്ണില്‍ അപ്രതീക്ഷിതമായാണ് ഈ ഫ്രെയിം ഉടക്കിയത്. ടെലി ഫോട്ടോ ലെന്‍സുള്ള ക്യാമറ ഉപയോഗിച്ച് താന്‍ പടമെടുക്കാന്‍ ശ്രമിക്കുന്നത് കണ്ട കൊച്ചുബാലിക ഇപ്പോള്‍ കരയുമെന്ന ഭാവത്തില്‍ കൈകള്‍ ഉയര്‍ത്തി കീഴടങ്ങാന്‍ ശ്രമിച്ചത് കണ്ടപ്പോഴാണ് ഉസ്മാന്‍ സാഗിരിക്ക് കാര്യം മനസ്സിലായത്. തന്റെ ക്യാമറ ലെന്‍സ് മെഷിന്‍ ഗണ്ണാണെന്ന് അവള്‍ തെറ്റിധരിച്ചിരിക്കുന്നു.
അത്ഭുതവും ദൈന്യതയും ഒരുപോലെ അനുഭവിച്ച സാഗിരി പിന്നെ കാത്തുനിന്നില്ല. ക്യാമറയുടെ ബട്ടണില്‍ കൈയമര്‍ന്നു. സ്വദേശമായ ഹമയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള അഭയാര്‍ഥി ക്യാമ്പില്‍ മാതാവിനും രണ്ട് കൂടപ്പിറപ്പുകള്‍ക്കുമൊപ്പമായിരുന്നു ഹുദേയ താമസിച്ചിരുന്നത്. യുദ്ധത്തില്‍ പിതാവിനെ നഷ്ടപ്പെട്ടതോടെയാണ് ഹുദേയയുടെ കുടുംബം അഭയാര്‍ഥി ക്യാമ്പില്‍ എത്തപ്പെട്ടത്.
No comments:
Post a Comment