Latest News

ഉറുദു പാഠങ്ങള്‍ക്ക് വിട; നാരായണന്‍ നമ്പൂതിരി ഇനി പൂജകളുടെ ലോകത്ത്

പെരിന്തല്‍മണ്ണ: അല്ലാമാ ഇഖ്ബാലിനെയും മിര്‍സ ഗാലിബിനെയും തലമുറകള്‍ക്ക് പരിചയപ്പെടുത്തിയ പന്തലക്കോടത്ത് നാരായണന്‍ നമ്പൂതിരി ഇനി പൂര്‍ണ സമയവും പൂജകളുടെ ലോകത്താകും. അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ചതോടെയാണ്, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ തന്ത്രിയായ ഇദ്ദേഹം മുഴുവന്‍ സമയ താന്ത്രികവൃത്തിയിലേക്ക് പ്രവേശിക്കുന്നത്. ഭാഷക്ക് മതവും ജാതിയുമില്ലെന്ന പാഠമാണ് തന്‍െറ മൂന്ന് പതിറ്റാണ്ട് നീണ്ട ഒൗദ്യോഗിക ജീവിതത്തിലൂടെ അദ്ദേഹം പകരാന്‍ ശ്രമിച്ചത്.

തന്ത്രിയെന്ന നിലയില്‍ സംസ്കൃതത്തെയും അധ്യാപകനെന്ന നിലയില്‍ ഉറുദുവിനെയും ഈ അങ്ങാടിപ്പുറം സ്വദേശി ഒരുപോലെ സ്നേഹിച്ചു. ജോലി ആഗ്രഹിച്ചാണ് പഠിച്ചതെങ്കിലും ഉറുദു പിന്നീട് നാരായണന്‍ നമ്പൂതിരിയുടെ ജീവിതത്തിന്‍െറ ഭാഗമാകുകയായിരുന്നു. പട്ടാമ്പി ഗവ. കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കവെയാണ് പുതിയ ഭാഷ പഠിക്കണമെന്ന മോഹമുണ്ടായത്. പെരിന്തല്‍മണ്ണയിലെ പട്ടാണി പള്ളിയില്‍ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്റസയില്‍ നിന്നാണ് അദ്ദേഹം ഉറുദുവിന്‍െറ ആദ്യാക്ഷരങ്ങള്‍ പഠിക്കുന്നത്. മരക്കാര്‍ മുസ്ലിയാര്‍, കാദര്‍മൊല്ല സ്കൂളില്‍നിന്ന് വിരമിച്ച ഹബീബ് മാസ്റ്റര്‍ എന്നിവരായിരുന്നു ഗുരുനാഥന്മാര്‍.

പ്രിലിമിനറി കോഴ്സ് കഴിഞ്ഞയുടന്‍ ജോലിയില്‍ പ്രവേശിച്ച നാരായണന്‍ നമ്പൂതിരി പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അദീബെ ഫാസില്‍ ബിരുദമെടുത്തു. സാഹിത്യഭാഷ എന്നതിലുപരി സംഗീതത്തിന്‍െറ ഭാഷ കൂടിയാണ് ഉറുദുവെന്നാണ് അദ്ദേഹത്തിന്‍െറ നിരീക്ഷണം. മുമ്പ് ഓരാടംപാലത്ത് ഇദ്ദേഹം ഉറുദു കോളജ് നടത്തിയിരുന്നു. ബിരുദ തലത്തില്‍ ഉറുദു പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളെ പഠിപ്പിച്ചു. പല സമാന്തര കോളജുകളിലും ഉറുദു ക്ളാസെടുത്തു. 2011 ജനുവരി ഒന്നിനാണ് തിരുമാന്ധാംകുന്ന് തന്ത്രിയായി ചുമതലയേറ്റത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.