Latest News

ധര്‍മടം പീഡനം: പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

തലശേരി: ധര്‍മടത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. വടകര എടച്ചേരി ചെട്ട്യാര്‍വീട് കോളനിയിലെ യു.ടി. സന്തോഷിനെ(35) ഐപിസി 376ാം വകുപ്പ് പ്രകാരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷെര്‍സി ശിക്ഷിച്ചു. 

പിഴ അടച്ചാല്‍ ഇരയായ പെണ്‍കുട്ടിക്കു നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. ഈ പിഴ കുട്ടിക്കു മതിയായ പരിഹാരമല്ല. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരത്തിനായി പെണ്‍കുട്ടിക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കി.

ഏറ്റവും ഹീനമായ കുറ്റമാണ് പ്രതി ചെയ്തതെന്നതിനാല്‍ പ്രതി കോടതിയില്‍ നിന്ന് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നു ജഡ്ജി വിധി പ്രസ്താവത്തിനിടയില്‍ പറഞ്ഞു. സംരക്ഷിക്കാന്‍ ചുമതലപ്പെട്ടയാള്‍ സംഹാരത്തിനു മുതിരുന്നതാണ് ഈ കേസില്‍ കണ്ടത്. അതുകൊണ്ടുതന്നെ ഈ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും വിധിയില്‍ പറയുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി ഉച്ചയ്ക്കു ശേഷം വിധി പറയാന്‍ മാറ്റി. വീണ്ടും മൂന്നു മണിക്ക് കോടതി ചേര്‍ന്ന ഉടനെയാണ് വിധി പ്രസ്താവിച്ചത്.

നിര്‍വികാരനായാണ് പ്രതി വിധി കേട്ടത്. കേസില്‍ മൊത്തം അഞ്ചു പ്രതികളാണുണ്ടായിരുന്നത്. ഒന്നാം പ്രതി അണ്ടലൂര്‍ കണ്ണന്‍കൊറുമ്പില്‍ കെ. അരുണ്‍കുമാറിനെ(49) തെളിവിന്റെ അഭാവത്തില്‍ കഴിഞ്ഞ ദിവസം കോടതി വിട്ടയച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതി മുന്‍പാകെ നടക്കുകയാണ്. മറ്റൊരു പ്രതിയായ സുരേഷ്ബാബു ഹൈക്കോടതിയെ സമീപിച്ചതിനാല്‍ ഇയാളുടെ വിചാരണ താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസിലെ തൊണ്ടിമുതലുകള്‍ കോടതിയില്‍ തന്നെ സൂക്ഷിക്കാനും കോടതി ഉത്തരവായി.

മറ്റൊരു പ്രതിയായ സുധീര്‍കുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം ജയിലിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. പിന്നീട് ഇയാളെ പ്രതിപ്പട്ടികയില്‍ നിന്നു മാറ്റുകയായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിമൂന്നുകാരിയെ രണ്ടു വര്‍ഷത്തോളം പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ തങ്കച്ചന്‍ മാത്യു ഹാജരായി.

Keywords: Kannur, Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.