തിരൂര്‍: തലക്കടത്തൂരില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് വ്യാജ സിദ്ധനെ അറസ്റ്റ് ചയ്തു. പുറത്തൂര്‍ കളൂര്‍ സ്വദേശി പാലക്കപ്പറമ്പില്‍ ശിഹാബുദ്ധീ(29)നെയാണ് തിരൂര്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
മന്ത്ര വാദത്തിനായി സിദ്ധന് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കാത്തതില്‍ മനം നൊന്ത് തലക്കടത്തൂരിലെ സ്വവസതിയില്‍ വെച്ചായിരുന്നു ഈ മാസം 13ന് യുവതി ജീവനൊടുക്കിയത്. ചേരുരാലിലേക്ക് വിവാഹം കഴിച്ച യുവതി ഭര്‍തൃ വീട്ടുകാരുമായി നിരവതി തവണ സിദ്ധനെ സമീപിച്ചിരുന്നു. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന യുവതിയെ മന്ത്രവാദം നടത്തിയാല്‍ കുട്ടികളുണ്ടാകുമെന്ന് ധരിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടുകയായിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആഭരണങ്ങള്‍ തിരികെ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തിരികെ നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് കുറിപ്പെഴുതി വെച്ച് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
താനൂര്‍ പൂരപ്പുഴയില്‍ നിന്നും ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ കയ്യേറ്റം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. വേറെയും നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവറായിരുന്ന ഇയാള്‍ സ്ത്രീകളെ വശീകരിച്ച് പ്രശ്‌ന പരിഹാരത്തിനായി തന്റെ പക്കല്‍ ക്രിയകളുണ്ടെന്ന് ധരിപ്പിക്കും. ശേഷം അവരുടെ വീടുകളിലെത്തി മന്ത്രവാദം നടത്തി സ്വര്‍ണാഭരണം തുണിയില്‍ പൊതിഞ്ഞ് പെട്ടിയിലാക്കി മുറ്റത്ത് കുഴിച്ചിടും. എന്നാല്‍ സ്വര്‍ണാഭരണം സ്വന്തം പെട്ടിയില്‍ വെച്ച ശേഷം കുഴിച്ച് മൂടുന്ന പെട്ടിയില്‍ കല്ല് നിക്ഷേപിച്ച് മടങ്ങുകയാണ് ഇയാളുടെ പതിവ്.
എന്നാല്‍ ആഭരണം തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ മുങ്ങിയതോടെയാണ് മുമ്പ് തട്ടിപ്പ് പുറത്തായത്. സമാനമായ തട്ടിപ്പിലൂടെ ഇയാള്‍ നൂറിലധികം പവന്‍ തട്ടിയെടുത്തതായി പോലീസ് മുമ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ മുമ്പ് പലതവണ ഇയാള്‍ക്കെതിരില്‍ പരാതിയുണ്ടായിട്ടും നടപെടിയെടുക്കാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.
No comments:
Post a Comment