Latest News

ഹജ്ജ്: വ്യാജ ഏജന്‍സികള്‍ രംഗത്ത്‌

മലപ്പുറം: [www.malabarflash.com]സംസ്ഥാനത്ത് ഹജ്ജിന്റെ പേരില്‍ ധാരാളം വ്യാജ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി സൂചന. അംഗീകാരമില്ലാത്ത സ്വകാര്യ ഗ്രൂപ്പുകളെ ആശ്രയിച്ചാല്‍ ഹജ്ജ് മുടങ്ങാന്‍ സാധ്യത ഏറെയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. 2014ല്‍ വ്യാജ ഏജന്റുമാരെ ആശ്രയിച്ചതിനാല്‍ കേരളത്തിലെ 1500 പേരുടെ വിശുദ്ധ തീര്‍ത്ഥാടനം മുടങ്ങിയിരുന്നു. ഇതിന്റെ പേരില്‍ പോലിസ് 114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വ്യാജ ഏജന്‍സികളെ തിരിച്ചറിയാന്‍ മാര്‍ഗങ്ങളില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. കേന്ദ്രസര്‍ക്കാരും ഹജ്ജ് കമ്മിറ്റിയും അംഗീകരിച്ച ഹജ്ജ് ക്വാട്ടയുള്ള സ്വകാര്യ ഗ്രൂപ്പുകളുടെ പേരുവിവരങ്ങള്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ ഹജ്ജ് സെല്ലിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേരളത്തില്‍ അംഗീകാരമുള്ള 87 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളാണുള്ളത്. 32 ഗ്രൂപ്പുകള്‍ എ വിഭാഗത്തിലും 55 ഗ്രൂപ്പുകള്‍ ബി വിഭാഗത്തിലും ഉള്‍പ്പെടുന്നു. എ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 100 മുതല്‍ 200 വരെയും ബി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50ഉം ആണ് ക്വാട്ട.

അംഗീകാരമുള്ള ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ അറിയാന്‍ www.hajcommittee.com എന്ന വെബ്‌സൈറ്റ് സെര്‍ച്ച് ചെയ്താല്‍ മതി. മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് സ്വകാര്യ ഹജ്ജ് ക്വാട്ട വാങ്ങിത്തരും എന്നു പ്രചരിപ്പിച്ചാണു വ്യാജ ഹജ്ജ് ഏജന്‍സികള്‍ വിശ്വാസികളെ ചൂഷണംചെയ്യുന്നത്.

ഇത്തരം ഗ്രൂപ്പുകളുടെ കെണിയില്‍ പെടാതിരിക്കാന്‍ ഹാജിമാര്‍ ശ്രദ്ധിക്കണം. അംഗീകാരമില്ലാത്തവര്‍ ഹജ്ജ് ബുക്കിങ് സ്വീകരിക്കാനോ പണവും പാസ്‌പോര്‍ട്ടും കൈവശംവയ്ക്കാനോ പത്രപ്പരസ്യം ചെയ്യാനോ പാടില്ലെന്നാണു നിയമം. എന്നാല്‍ സംസ്ഥാനത്ത് 100കണക്കിനു വ്യാജ ഏജന്‍സികള്‍ ഹജ്ജ് ബുക്കിങ് സ്വീകരിച്ചു തുടങ്ങിയതായി സൂചനയുണ്ട്. രണ്ടുലക്ഷം രൂപയും പാസ്‌പോര്‍ട്ടുമാണ് ആദ്യഘട്ടത്തില്‍ ഇവര്‍ വാങ്ങുന്നത്. ബാക്കി രണ്ടുലക്ഷം യാത്ര പുറപ്പെടുമ്പോള്‍ തന്നാല്‍ മതിയെന്നാണ് ഇവര്‍ ഹാജിമാരോടു പറയുന്നത്.

അംഗീകൃത ഗ്രൂപ്പുകളേക്കാള്‍ ഒരുലക്ഷം രൂപ അധികം വാങ്ങിയാണിവര്‍ ബുക്കിങ് സ്വീകരിക്കുന്നത്. അവസാനം ഇത്തരം ഏജന്റുമാര്‍ മുങ്ങുന്നതും പതിവാണ്. ഹജ്ജിന്റെ പേരിലുള്ള തട്ടിപ്പുകള്‍ വര്‍ഷങ്ങള്‍ കഴിയുംതോറും വര്‍ധിച്ചുവരുന്നതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍ കാണിക്കുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 4,816 ഹജ്ജ് തട്ടിപ്പ് സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 32,626 പേരുടെ വിശുദ്ധ തീര്‍ത്ഥാടനമാണ് ഈ തട്ടിപ്പുകളിലൂടെ മുടങ്ങിയത്. കാസര്‍കോട്ടും തിരുവനന്തപുരത്തുമാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.