Latest News

ഉംറ പാക്കേജില്‍ കൊണ്ടുവന്ന 43പേരെ കരിപ്പൂരില്‍ ഉപേക്ഷിച്ച് ട്രാവല്‍സ് ഉടമ മുങ്ങിയതായി പരാതി

കൊണ്ടോട്ടി:[www.malabarflash.com] ഉംറ പാക്കേജില്‍ കൊണ്ടുവന്ന 43 മംഗലാപുരം സ്വദേശികളെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തെ ലോഡ്ജില്‍ ഉപേക്ഷിച്ച് ട്രാവല്‍സ് ഉടമ മുങ്ങിയതായി പരാതി. മലപ്പുറം മുണ്ടുപറമ്പിലെ അമാന്‍ ഇന്റര്‍നാഷനല്‍ ട്രാവല്‍സ് ഉടമയും കോട്ടക്കല്‍ സ്വദേശിയുമായ അന്‍വര്‍ ഹുസൈനാണ് മുങ്ങിയത്.

വിസക്കും ടിക്കറ്റിനുമായി ഒരാളില്‍നിന്ന് 58,000 രൂപ വീതം 24,94,000 രൂപയും ഭക്ഷണത്തിനും താമസത്തിനുമായി മൂന്നുലക്ഷം രൂപയും ഇവരില്‍നിന്ന് വാങ്ങിയിട്ടുണ്ട്. 43 പേരില്‍ 12 സ്ത്രീകളും 11കുട്ടികളും 15ഓളം വയോധികരും ഉള്‍പ്പെടും.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 12നുള്ള ഒമാന്‍ എയറിന് പോകാമെന്ന് പറഞ്ഞാണ് ഇവരെ കരിപ്പൂരിലത്തെിച്ചത്. തിങ്കളാഴ്ച രാവിലെ 11വരെ ഫോണില്‍ സംസാരിച്ച അന്‍വര്‍ പിന്നീട് ഫോണ്‍ എടുത്തില്ല.തട്ടിപ്പിന് ഇരയായവരുടെ പാസ്‌പോര്‍ട്ടുകള്‍ മഞ്ചേരി ജിദ്ദ ട്രാവല്‍സിലാണുള്ളത്. വിസ, സ്റ്റാമ്പിങ് എന്നിവക്കായി ചെലവായ എട്ടുലക്ഷം രൂപ നല്‍കിയാലെ പാസ്‌പോര്‍ട്ട് നല്‍കാനാവൂ എന്നാണ് ജിദ്ദ ട്രാവല്‍സ് അറിയിച്ചത്.
കബളിപ്പിക്കപ്പെട്ടതായി മനസ്സിലായ ഉടനെ കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഒരു നടപടിയും എടുത്തില്ലെന്നാണ് സംഘം പറയുന്നത്. 

മംഗലാപുരം കങ്കനാടി സ്വദേശി ഹനീഫയാണ് ഇവരില്‍നിന്ന് പണവും പാസ്‌പോര്‍ട്ടും കൈപ്പറ്റി അന്‍വറിനെ ഏല്‍പ്പിച്ചത്. മാര്‍ച്ച് രണ്ടിന് മംഗലാപുരത്തുനിന്ന് നേരിട്ട് പോകാമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. മാര്‍ച്ച് ഒന്നിന് വിളിച്ച് യാത്ര എട്ടാം തീയതിയിലേക്ക് മാറ്റിയതായി അറിയിച്ചു. എട്ടിന് ഏഴുമണിക്ക് മംഗലാപുരം വിമാനത്താവളത്തിലത്തെിയ സംഘത്തെ ടിക്കറ്റ് ശരിയായില്‌ളെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.
തുടര്‍ന്ന് സംഘത്തിലെ ചിലര്‍ അമാന്‍ ഇന്റര്‍നാഷനല്‍ ട്രാവല്‍സിലത്തെിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നു. അന്‍വറിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കോട്ടക്കല്‍ പ്‌ളാസ ലോഡ്ജിലത്തൊന്‍ പറഞ്ഞു. ഇവിടെ അന്‍വറും ഹനീഫയും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. മാര്‍ച്ച് 12ന് ഉംറക്ക് പോവാനാവുമെന്നും 11ന് വിമാനത്താവള ത്തിലത്തെണമെന്നും ആവശ്യപ്പെട്ടു.
ഇതനുസരിച്ച് ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഘം കരിപ്പൂരിലത്തെിയത്. ഇതിനിടെ ഹനീഫ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രതിയായ ഇയാള്‍ ആശുപത്രിയില്‍നിന്ന് പോവാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്നും കൊണ്ടോട്ടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി തിരൂര്‍ പൊലീസിനെ അറിയിച്ചിട്ടും വെള്ളിയാഴ്ച രാവിലെ ആശുപത്രിവിടാന്‍ പൊലീസ് സൗകര്യമൊരുക്കിയെന്നാണ് സംഘം വിശ്വസിക്കുന്നത്.

അന്‍വറിനെ ജിദ്ദ ട്രാവല്‍സിന് മുന്‍പരിചയമില്ലെന്ന് ട്രാവല്‍സ് ഉടമ എസ്.പിയോട് പറഞ്ഞതായി സംഘത്തിന്റെ അമീര്‍ മുഹമ്മദ് മുസ്തഫ ദാരിമി പറഞ്ഞു. ഒരു പരിചയവുമില്ലാത്ത ആള്‍ക്ക് പണം നല്‍കാതെ വിസ അടിച്ച് കൊടുത്തതിനുപിന്നിലും ദുരൂഹതയുണ്ട്.

Keywords: Kerala-News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.