Latest News

ഗര്‍ഭിണിയെ ട്രെയിനില്‍നിന്നു തള്ളിയിട്ടു കൊന്ന കേസില്‍ ഭര്‍ത്താവിനു ജീവപര്യന്തം

ഒറ്റപ്പാലം:  ഗര്‍ഭിണിയായ ഭാര്യയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശിക്കു ജീവപര്യന്തവും അഞ്ചുവര്‍ഷം കഠിനതടവുശിക്ഷയും. തിരുനെല്‍വേലി കടയം മുതലിയാര്‍പേട്ടൈ ഇന്ദിരാനഗര്‍ എസാക്കിയമ്മന്‍ കോവില്‍തെരുവു സ്വദേശിനി സുന്ദരി(പിച്ചയമ്മാള്‍-22) കൊല്ലപ്പെട്ട കേസില്‍ തൂത്തുക്കുടി കോവില്‍പ്പട്ടി ഗോവിന്ദന്‍പേട്ടൈ സ്വദേശി മുരുകേശനെ(27) ആണ് ഒറ്റപ്പാലം അഡീഷനല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി പി.ജെ. വിന്‍സന്റ് ശിക്ഷിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയതിനും ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ടതിനും വിവിധ വകുപ്പുകളിലായി 1,000 രൂപ വീതം പിഴയും ചുമത്തി.

ഇതില്‍ വീഴ്ചവരുത്തിയാല്‍ മൂന്നുമാസം വീതം തടവുശിക്ഷ അനുഭവിക്കണം. ആദ്യകുഞ്ഞിനെ ഒന്‍പതുമാസം പ്രായമായിരിക്കെ രഹസ്യമായി അരലക്ഷം രൂപയ്ക്കു വിറ്റ മുരുകേശന്‍, കുട്ടി ഗുരുവായൂരില്‍ ബന്ധുവിന് ഒപ്പമുണ്ടെന്നു ഭാര്യയെ തെറ്റിദ്ധരിപ്പിച്ചു കേരളത്തിലേക്കു കൊണ്ടുവന്നാണു ട്രെയിനില്‍ നിന്നും തള്ളിയിട്ടത്.

2012 സെപ്റ്റംബര്‍ 17ന് മൂന്നിന് ഒറ്റപ്പാലം ചോറോട്ടൂരിലാണു ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്നു വീണു ഗുരുതരപരുക്കേറ്റ നിലയില്‍ സുന്ദരിയെ റയില്‍പ്പാളത്തിനു സമീപം താമസിക്കുന്നവര്‍ കണ്ടത്. ഉടനെ ഇവരെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്നു പൊലീസ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു ശസ്ത്രക്രിയകള്‍ക്കു വിധേയയായ സുന്ദരിയെ ചികില്‍സിച്ച ഡോക്ടര്‍ ഇളയരാജ തമിഴ്‌നാട് സ്വദേശിയായതു കേസില്‍ വഴിത്തിരിവായി. ശസ്ത്രക്രിയകള്‍ക്കു മുന്‍പു ബോധം തെളിഞ്ഞ സുന്ദരി വെളിപ്പെടുത്തിയ വിവരങ്ങള്‍ ഡോക്ടര്‍ തമിഴില്‍ ആശുപത്രിയിലെ കേസ് ഡയറിയില്‍ രേഖപ്പെടുത്തി. അപകടം അറിഞ്ഞെത്തിയ ബന്ധുക്കള്‍ സുന്ദരിയെ തൃശൂരില്‍ നിന്നു കൊണ്ടുപോയി തിരുനെല്‍വേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ 2012 ഒക്‌ടോബര്‍ ഒന്‍പതിനു മരിച്ചു.

സുന്ദരിയുടെ സഹോദരന്‍ കണ്ണന്‍ തമിഴ്‌നാട് പൊലീസില്‍ നല്‍കിയ പരാതി, കുറ്റകൃത്യം നടന്നതു കേരളത്തിലാണെന്ന് കണക്കിലെടുത്തു ഷൊര്‍ണൂര്‍ റയില്‍വേ പൊലീസിനു കൈമാറി. ഇതിനിടെ മറ്റൊരു യുവതിയെ വിവാഹം ചെയ്ത മുരുകേശനെ 2013 ഒക്‌ടോബര്‍ 17ന് ഈറോഡില്‍ നിന്നു പിടികൂടി. ഈറോഡ് മോത്തി സ്പിന്നിങ് മില്‍ ജീവനക്കാരിയായ സുന്ദരിയുടെയും ചായക്കച്ചവടക്കാരനായിരുന്ന മുരുകേശന്റെയും പ്രണയവിവാഹമായിരുന്നു.

Keywords:  Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.