Latest News

കോഴിക്കോട്ടാരും വിശന്നിരിക്കരുത്; ഓപ്പറേഷന്‍ സുലൈമാനി പദ്ധതിയുമായി കളക്ടര്‍

കോഴിക്കോട്:[www.malabarflash.com] വിശപ്പ് കൂടുമ്പോള്‍ വയറൊന്നുകൂടെ മുറുക്കിക്കെട്ടി കോഴിക്കോട് നഗരത്തിലൂടെ കടന്നു പോയിട്ടുണ്ട്, പലരും. വിശന്നു വീണിടത്തുറങ്ങി പോകുന്ന പലരും ഇന്നുമുണ്ട് കോഴിക്കോട്. ഒരു ചരിത്രത്തിലും ഇടം പിടിക്കാനാകാതെ വീണു പോകുന്ന വിശന്ന വയറുകള്‍ക്കായി പുതിയൊരു ചരിത്രം കുറിക്കാനൊരുങ്ങുകയാണ് കോഴിക്കോടിന്റെ പുതിയ സാരഥി.

വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം ഒരു പൊടി മൊഹബ്ബത്ത് കലര്‍ന്ന സുലൈമാനി കുടിക്കുന്ന പോലെ, മനസ്സിന് തൃപ്തി തരുന്ന പദ്ധതി.. ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് ഓപ്പറേഷന്‍ സുലൈമാനി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയെ കുറിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് വിവരിക്കുന്നത്. ഒരു നേരത്തെ ഭക്ഷണിനായി വിശന്നു വലയുന്നവര്‍ക്ക് ഭക്ഷണം നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

'ഉച്ച സമയത്ത് അഭിമാനം പണയപ്പെടുത്തി മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് ഒരു നേരത്തെ ഭക്ഷണം വാങ്ങി കഴിക്കുന്നവരെ നമുക്ക് കാണാം. നഗരത്തില്‍ വിശപ്പുള്ളവര്‍ ഉണ്ടെന്നും, ഭക്ഷണം കൊടുക്കാന്‍ മനസ്സുള്ളവര്‍ ഉണ്ടെന്നും വ്യക്തമാണ്. അതിനാല്‍ തന്നെ വിശക്കുന്നവര്‍ക്ക് ആത്മാഭിമാനത്തോടെ ഭക്ഷണം കഴിക്കാനുള്ള പദ്ധതിയാണ് ലക്ഷ്യം വെക്കുന്നതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് കുമാര്‍ ഫേയ്‌സ് ബുക്ക് പേജിലൂടെ പറയുന്നു.


വിശക്കുന്നവന് 'ഭിക്ഷ' നല്കാതെ, മാന്യമായി ഹോട്ടലില്‍ ചെന്ന് മറ്റേതൊരാളെയും പോലെ ഭക്ഷണം കഴിക്കുവാനുള്ള അവസരം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വിഷയത്തില്‍ അനുകൂലമായൊരു മറുപടിയാണ് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷനില്‍ നിന്നും കള്ക്ടര്‍ക്ക് ലഭിച്ചിട്ടുള്ളത്. വിശക്കുന്ന മനുഷ്യന്റെ ആത്മാഭിമാനം കാത്തുകൊണ്ടും അതേസമയം, ദുരുപയോഗം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുമായ, ലളിതമായ ഒരു ഫുഡ് കൂപ്പണ്‍ സിസ്റ്റമാണ് മെയ് മാസം രണ്ടാം ആഴ്ച മുതല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

Keywords: CalicutNews, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.