Latest News

മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് ദമ്പതികള്‍ മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്

ജുബൈല്‍:[www.malabarflash.com] മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജുബൈല്‍ മാസ്കോ കമ്പനിയിലെ സീനിയര്‍ സെയില്‍സ് എഞ്ചിനീയര്‍ പാലക്കാട് ഒറ്റപ്പാലം പുത്തന്‍വീട്ടില്‍ ശ്രീകാന്ത് (45) ഭാര്യ ദീപ്തി (34) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ മകള്‍ അര്‍ച്ചന (12) ഖതീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജുബൈല്‍ ഇന്ത്യന്‍ സ്കൂളില്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. 

കഴിഞ്ഞദിവസം രാത്രി ദമ്മാം-ജുബൈല്‍ ഹൈവേയില്‍ ഖതീഫിന് സമീപമാണ് അപകടം. അല്‍ഖോബാറില്‍ സുഹൃത്തിന്‍െറ വീട് സന്ദര്‍ശിച്ച ശേഷം ജുബൈലിലേക്ക് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ടൊയോട്ട കൊറോള കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ ശ്രീകാന്തിന് ഹൃദയാഘാതം സംഭവിക്കുകയോ ഉറങ്ങിപ്പോവുകയോ ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനം. 

നേരത്തെ ഒരുതവണ ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. അപകട സമയം കാറിന്‍െറ പിന്‍സീറ്റില്‍ ഉറക്കത്തിലായിരുന്നു ദീപ്തിയും അര്‍ച്ചനയും. ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാറില്‍നിന്ന് ദീപ്തി പുറത്തേക്ക് തെറിച്ച് വീണ് റോഡില്‍ തലയിടിച്ചാണ് മരണം സംഭവിച്ചത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഉറക്കത്തിലായിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്ന് അര്‍ച്ചനക്ക് ഓര്‍ത്തെടുക്കാനാവുന്നില്ല.
ജുബൈല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സയ്യിദ് ഹമീദും മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളും ആശുപത്രിയില്‍ അര്‍ച്ചനയെ സന്ദര്‍ശിച്ചു. തുടയെല്ലിനും ഇടുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ബന്ധുക്കളാരെങ്കിലും അര്‍ച്ചനക്ക് ഒപ്പമുണ്ടാകണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ശ്രീകാന്തിനോ ദീപ്തിക്കോ ഇവിടെയോ നാട്ടിലോ അധികം ബന്ധുക്കളില്ല. സുഹൃത്തുക്കളാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. 

ഒരു വര്‍ഷം മുമ്പാണ് അര്‍ച്ചന ഇന്ത്യന്‍ സ്കൂളില്‍ പഠനം ആരംഭിച്ചത്. ദീപ്തി ജുബൈലിലെ സ്വകാര്യ ആശുപത്രിയില്‍ താല്‍കാലികമായി ജോലി ചെയ്തിരുന്നു. മാതാപിതാക്കള്‍ മരിച്ച വിവരം അര്‍ച്ചന ഇനിയും അറിഞ്ഞിട്ടില്ല. ഖതീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കമ്പനിയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ചിട്ടുണ്ട്.

Keywords: gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.