Latest News

സഹായ കമ്മിറ്റി പണം നല്‍കിയില്ല; റംല ബീഗം പെരുവഴിയിലേക്ക്‌

കോഴിക്കോട്: (www.malabarflash.com)സ്വന്തമെന്ന് കരുതി ആശ്വാസത്തോടെ കയറിത്താമസിച്ച വീട്ടില്‍നിന്ന് പ്രശസ്ത കാഥിക റംല ബീഗം ഒടുവില്‍ അപമാനഭാരത്തോടെ കുടിയൊഴിയാന്‍ പോകുന്നു. മാപ്പിളപ്പാട്ടിനും കഥാപ്രസംഗത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ചതിന് ഉപഹാരമായി ലഭിച്ച വീട്ടില്‍നിന്നാണ് സഹായ കമ്മിറ്റി പണം നല്‍കാത്തതിനാല്‍ പടിയിറങ്ങേണ്ടിവരുന്നത്.

പണയവീടുകളില്‍ മാറിമാറി താമസിച്ച റംല ബീഗത്തിന് 2009ലാണ് ഡോ. എം.കെ. മുനീര്‍ ചെയര്‍മാനായ സഹായ കമ്മിറ്റി പാറോപ്പടിയിലെ ലാന്‍ഡ് മാര്‍ക്ക് വില്ലയില്‍ രണ്ട് കിടപ്പുമുറികളുള്ള വീട് സമ്മാനിച്ചത്. ദാരിദ്ര്യം മാത്രം ബാക്കിയായ പാട്ടുജീവിതത്തിനൊടുവില്‍ സഹൃദയരുടെ സ്നേഹത്തില്‍ ആശിച്ച വീട് ലഭിച്ചതിന്‍െറ ആശ്വാസത്തിലായിരുന്നു അവര്‍.

ആഹ്ളാദപൂര്‍വം അവര്‍ സ്വന്തം വീട്ടില്‍ താമസം തുടങ്ങിയത് അന്ന് മാധ്യമങ്ങളും കൊണ്ടാടിയിരുന്നു. എന്നാല്‍, പിന്നീടാണ് അറിയുന്നത് ഈ വീട് തനിക്ക് സ്വന്തമായിട്ടില്ലെന്ന്. 
ദുരന്തകഥയിലെ ദു:ഖപുത്രിയെപ്പോലെ സ്വപ്നത്തിലെ വീട്ടില്‍നിന്ന് പെരുവഴിയിലേക്കിറങ്ങേണ്ടി വരുന്നതിന്‍െറ ഞെട്ടലിലാണ് 70 പിന്നിട്ട സുപ്രസിദ്ധ കാഥിക. 

പലവിധ രോഗങ്ങള്‍മൂലം സ്വന്തമായി എഴുന്നേറ്റ് നടക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍ക്ക് ഉടന്‍ വീടൊഴിയണമെന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ ഏക മകളോടൊപ്പമാണ് റംല ബീഗം പാറോപ്പടിയില്‍ താമസിക്കുന്നത്. 28 ലക്ഷം രൂപ നല്‍കിയാലേ ഈ വീട്ടില്‍ താമസിക്കാനാവൂ എന്നാണ് ഉടമകള്‍ പറയുന്നത്.

മന്ത്രി മുനീറുമായി പല തവണ ബന്ധപ്പെട്ടിരുന്നു. അപ്പോഴെല്ലാം കാര്യങ്ങള്‍ ശരിയാവുമെന്ന പ്രതീക്ഷയാണ് അദ്ദേഹം നല്‍കിയിരുന്നതെന്ന് റംല ബീഗം പറഞ്ഞു. ഏറ്റവുമൊടുവില്‍ അദ്ദേഹം അറിയിച്ചത് സഹായം വാഗ്ദാനം ചെയ്തവര്‍ പിന്മാറിയതിനാല്‍ മറ്റെന്തെങ്കിലും വഴികളെക്കുറിച്ച് ആലോചിക്കണമെന്നാണ്. ഇതു കേട്ടതോടെ നിസ്സഹായതകൊണ്ട് വീര്‍പ്പുമുട്ടുകയാണ് റംല ബീഗം. 
ഹൃദ്രോഗവും വൃക്കരോഗവും പ്രമേഹവും അലട്ടുന്ന വാര്‍ധക്യമാണ് ഇവരുടേത്. വല്ലപ്പോഴും ആരെങ്കിലും ആദരിക്കാന്‍ വിളിക്കുമ്പോള്‍ ഉപഹാരമായി ലഭിക്കുന്ന പണമാണ് മരുന്നിനും ചികിത്സക്കും ഉപയോഗിക്കുന്നത്. ദൈനംദിന ജീവിതവും പ്രതിസന്ധിയിലാണ്. 

ഇനി പാട്ടുപാടി ജീവിക്കാനാവില്ല. കുടുംബത്തില്‍ ആരില്‍നിന്നും സഹായം പ്രതീക്ഷിക്കാനുമില്ല -സംഗീതവേദികളില്‍ ഒരു കാലഘട്ടത്തിന്‍െറ ഉജ്ജ്വല ശബ്ദമായിരുന്ന റംല ബീഗം ഗദ്ഗദത്തോടെ പറയുന്നു.

2009ല്‍ കോഴിക്കോട്ട് ‘റംല ബീഗം നൈറ്റ്’ എന്ന പേരില്‍ ഗാനമേള സംഘടിപ്പിച്ചാണ് എം.കെ. മുനീറിന്‍െറ നേതൃത്വത്തില്‍ സഹായം സ്വരൂപിച്ചത്. ചികിത്സക്കും ഭവനനിര്‍മാണത്തിനും വേണ്ടി ഫണ്ട് ശേഖരണമായിരുന്നു ലക്ഷ്യം. ഈയിനത്തില്‍ ലഭിച്ച അഞ്ച് ലക്ഷത്തോളം രൂപയാണത്രെ പാറോപ്പടിയിലെ വീടിന് നല്‍കിയത്. ദുബൈയിലെ സഹൃദയര്‍ വാഗ്ദാനം ചെയ്ത തുക യഥാസമയം സ്വരൂപിക്കാന്‍ കഴിയാത്തതിനാല്‍ അത് ലഭിച്ചില്ലെന്ന്‌ സഹായ കമ്മിറ്റി ജനറല്‍ കണ്‍വീനറായിരുന്ന കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ പി. ഇസ്മായില്‍ പറഞ്ഞു.

അതിനാലാണ് വീടിന് മുഴുവന്‍ തുകയും നല്‍കാന്‍ കഴിയാതിരുന്നത്. മുനീര്‍ ഇടപെട്ടതിനാലാണ് അന്ന് ലാന്‍ഡ്മാര്‍ക്ക് ഉടമകള്‍ വീട് നല്‍കാന്‍ തയാറായത്. 

ജന്മംകൊണ്ട് ആലപ്പുഴക്കാരിയാണെങ്കിലും കോഴിക്കോട് ഫറോക്കിലാണ് റംല ബീഗത്തിന്‍െറ ഉമ്മവീട്. സംഗീതവഴിയില്‍ സംസ്ഥാന സര്‍ക്കാറിന്‍േറതടക്കം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട് ഇവര്‍. 1963 മുതല്‍ കഥാപ്രസംഗവേദികളില്‍ സജീവമായിത്തുടങ്ങി. കാഥികന്‍ സാംബശിവന്‍െറ ഗ്രൂപ്പിലെ തബലിസ്റ്റ് അബ്ദുല്‍ സലാമായിരുന്നു റംല ബീഗത്തെ വിവാഹം ചെയ്തത്. അദ്ദേഹത്തിന്‍െറ മരണശേഷം വീണ്ടും ഇവര്‍ വിവാഹിതയായി. 1986ല്‍ രണ്ടാമത്തെ ഭര്‍ത്താവും മരിച്ചു.(www.malabarflash.com)
(കടപ്പാട്: മാധ്യമം)

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.