Latest News

സംസ്ഥാനത്തു നിന്ന് പുതുതായി 22 ലക്ഷം അംഗങ്ങളെ ലഭിച്ചതായി ബിജെപി

തിരുവനന്തപുരം: (www. Malabarflash.com) ബിജെപിക്ക് സംസ്ഥാനത്ത് കൂടുതല്‍ അംഗങ്ങളെ ലഭിച്ചത് തിരുവനന്തപുരത്ത് - മൂന്നരലക്ഷം പേര്‍. മൂന്നുലക്ഷം പേരുളള തൃശൂര്‍ ജില്ലയാണു രണ്ടാംസ്ഥാനത്തെന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വം കേന്ദ്രകമ്മിറ്റിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതുതായി 22 ലക്ഷം അംഗങ്ങളെ ലഭിച്ചതായി നേതൃത്വം അവകാശപ്പെട്ടു. സംസ്ഥാനകമ്മിറ്റിയുടെ ആവശ്യമനുസരിച്ച് അംഗത്വ ക്യാംപെയിനുളള സമയം ഏപ്രില്‍ 15 വരെ കേന്ദ്രകമ്മിറ്റി നീട്ടി നല്‍കി. ചില ബൂത്തുകളില്‍ കാര്യമായ പ്രവര്‍ത്തനം നടന്നില്ലെന്നും മതന്യൂനപക്ഷങ്ങളുടെയും സിപിഎമ്മിന്റെയും സ്വാധീനകേന്ദ്രങ്ങളില്‍ ഒരു തവണകൂടി സന്ദര്‍ശിക്കേണ്ടതുണ്ടെന്നുമാണ് നേതൃത്വം കേന്ദ്രകമ്മിറ്റിക്കു നല്‍കിയ റിപ്പോര്‍ട്ട്.

25 ലക്ഷം പേരെ അംഗങ്ങളാക്കാനാണ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതെങ്കിലും കാലാവധിക്കുള്ളില്‍ ലക്ഷ്യം കൈവരിക്കാനാകാത്തതാണ് സമയം നീട്ടിചോദിക്കാന്‍ കാരണമെന്നറിയുന്നു. ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയായിരുന്നു അംഗത്വ പ്രചാരണ കലാവധി. പാര്‍ട്ടിക്ക് നേരത്തെ സംസ്ഥാനത്ത് അഞ്ചരലക്ഷം അംഗങ്ങളാണുണ്ടായിരുന്നത്. പുതിയ അംഗങ്ങളില്‍ 50 % പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരാണെന്നു നേതാക്കള്‍ പറഞ്ഞു.

രണ്ടാഴ്ചത്തെ തീവ്രഅംഗത്വക്യാംപെയിന് കഴിഞ്ഞദിവസം നടന്ന സംസ്ഥാന നേതാക്കളുടെ യോഗം രൂപം നല്‍കി. 30 ലക്ഷം പേരെ അംഗങ്ങളാക്കുകയാണു ലക്ഷ്യം. ഇതുവരെയുളള പ്രവര്‍ത്തനറിപ്പോര്‍ട്ട് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ നേതൃത്വത്തില്‍ ദേശീയ പ്രസിഡന്റ് അമിത്ഷാക്ക് കൈമാറി. ഏപ്രില്‍ മുതല്‍ അടുത്തവര്‍ഷം ഏപ്രില്‍വരെ സംസ്ഥാനത്തു നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പദ്ധതി രൂപരേഖയും കേന്ദ്രനേതൃത്വംമുന്‍പാകെ അവതരിപ്പിച്ചു.

പ്രവര്‍ത്തനം രണ്ടുമാസം കൂടുമ്പോള്‍ വിലയിരുത്തണമെന്നു അമിത്ഷാ നിര്‍ദ്ദേശിച്ചു.തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്‍പ് സംഘടന ശക്തിപ്പെടുത്തണം.ഡിവിഷന്‍ തലത്തില്‍ ബൂത്തുകമ്മിറ്റി സജീവമാക്കിയശേഷം തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതിനടത്തിപ്പിലുളള അഴിമതികളും ക്രമക്കേടുകളും ഉയര്‍ത്തിക്കാട്ടുന്ന പ്രചാരണം നടത്താനാണ് തീരുമാനം.

തദ്ദേശസ്ഥാപനങ്ങളില്‍ ബിജെപിക്കുള്ള സാധ്യത വിലയിരുത്താന്‍ സര്‍വേ നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ സംസ്ഥാനത്തു നേതൃമാറ്റം വേണ്ടന്നാണ് ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിന്റെ തീരുമാനം.
(കടപ്പാട്: മനോരമ)

Keywords:  Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.