Latest News

കണ്ണൂര്‍ സ്വദേശിയുടെത് കൊലപാതകം; അനാശാസ്യം കൊലയില്‍ കലാശിച്ചു; 5 പേര്‍ അറസ്റ്റില്‍

ദുബായ്: (www.malabarflash.com)ദുബായിലെ ഫ് ളാറ്റില്‍ വെച്ച് തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ പഴയങ്ങാടി വെങ്ങര സ്വദേശി കുഞ്ഞിക്കണ്ണന്റെ മകന്‍ പറത്തി രാഹുലി(39) ന്റെ മരണം കൊലപാതകം. സംഭവത്തില്‍ കൊലനടത്തിയ രണ്ടു സ്ത്രീകളടക്കം അഞ്ചുപേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവര്‍ രണ്ടുപേര്‍ രാഹുലിന്റെ അടുത്ത സുഹൃത്തുക്കളാണ്. അനാശാസ്യത്തിനെത്തിയ സ്ത്രീകളുമായി പണത്തിന്റെ കാര്യത്തിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ദുബായ് പൊലീസ് തലവന്‍ മേജര്‍ ഖമീസ് മത്തര്‍ അല്‍ മുസൈന പറഞ്ഞു.

സംഭവത്തില്‍ ദുബായ് പോലീസ് പറയുന്നത് ഇങ്ങനെ:

അനാശാസ്യത്തിനായി രണ്ടു സ്ത്രീകളെ രാഹുല്‍ നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നു. സംഭവം നടന്ന വെള്ളിയാഴ്ച രാത്രി സ്ത്രീകള്‍ ഫ് ളാറ്റിലെത്തി. തന്റെ സുഹൃത്തുക്കളെയും രാഹുല്‍ ഫ് ളാറ്റിലേക്ക് ക്ഷണിച്ചിരുന്നു. ഇവര്‍ പിന്നീട് തിരിച്ചുപോയി.

എന്നാല്‍, നന്നായി മദ്യപിച്ചിരുന്ന രാഹുല്‍ നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന ആയിരം ദിര്‍ഹം സ്ത്രീകള്‍ക്ക് നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് സ്ത്രീകളുമായി തര്‍ക്കമുണ്ടാവുകയും പിടിവലിയില്‍ രാഹുല്‍ തറയില്‍ വീഴുകയും ചെയ്തു. ബോധം നശിച്ചുകിടന്ന രാഹുലിന്റെ കൈയിലെ സ്വര്‍ണ മോതിരങ്ങള്‍, സ്വര്‍ണവള, മൊബൈല്‍ ഫോണ്‍, പണം എന്നിവ പ്രതികള്‍ കവര്‍ന്ന ശേഷം വസ്ത്രങ്ങള്‍ കൂട്ടിയിട്ട് തീ കൊളുത്തി, മുറി പുറമെ നിന്ന് പൂട്ടിയിട്ട് സ്ഥലം വിടുകയായിരുന്നു. ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് രാഹുല്‍ മരിച്ചത്.

ദുബായ് പോലീസിന്റെ സമര്‍ഥമായ അന്വേഷണമാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഇടയാക്കിയത്. സുഹൃത്തുക്കള്‍ അന്നേദിവസം ഫ് ളാറ്റില്‍ ഉണ്ടായിരുന്നെന്ന് മനസിലാക്കിയ പോലീസ് അവരെ ചോദ്യം ചെയ്തതോടെയാണ് സ്ത്രീകളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

പിന്നീട് പൊലീസ് അഭിസാരികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആദ്യം ഹുര്‍ അല്‍ അന്‍സിലെ അനാശാസ്യകേന്ദ്രം നടത്തുന്ന ഏഷ്യക്കാരിയെ അറസ്റ്റ് ചെയ്തു. ഇവര്‍ നല്‍കിയ വിവരമനുസരിച്ചാണ് കൊല നടത്തിയ സ്ത്രീകളെ പിടികൂടിയത്.

ഇരുപത് വര്‍ഷത്തിലേറെയായി യുഎഇയിലുള്ള രാഹുല്‍ ദുബായില്‍ ബിസിനസ് നടത്തുകയായിരുന്നു. ആദ്യ ഭാര്യയില്‍ നിന്ന് മോചനം നേടിയ രാഹുല്‍ പിന്നീട് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതില്‍ ഒരു മകനുണ്ട്. എന്നാല്‍, ഇവരില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്.

Keywords: Kannur news News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.