Latest News

ഡോ. ദീപക്കിന്റെ വേര്‍പാട് താങ്ങാനാവാതെ മലയോരം

കേളകം(കണ്ണൂര്‍): [www.malabarflash.com] നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ഡോ. ദീപക്ക് മരിച്ചെന്ന വാര്‍ത്ത വിശ്വസിക്കാനാവാതെ നൊമ്പരപ്പെടുകയാണു മലയോരം. കേളകം കുണേ്ടരി എന്ന മലയോര കുടിയേറ്റഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ദീപക്ക് ഡോക്ടറായി നാടിന്റെയാകെ പ്രതീക്ഷയായി ഉയരുന്നതിനിടയിലാണു മരണം അദ്ദേഹത്തെ ഭൂകമ്പത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തത്.

ഭൂകമ്പത്തില്‍ ദീപക്കും സഹപ്രവര്‍ത്തകരും അകപ്പെട്ടെന്ന വാര്‍ത്ത അറിഞ്ഞതുമുതല്‍ വീട്ടുകാരും നാട്ടുകാരും പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു.

സര്‍ക്കാരിന്റെയും മറ്റും ഭാഗത്തുനിന്നും പ്രതീക്ഷ ഉണര്‍ത്തുന്ന വിവരങ്ങളാണു മരണം സ്ഥിരീകരിക്കുന്നതിന്റെ തൊട്ടുമുമ്പുവരെ ലഭിച്ചുകൊണ്ടിരുന്നത്.

എന്നാല്‍ പ്രതീക്ഷകളെ അസ്ഥാനത്താക്കി നാടിനെയാകെ കരയിച്ചു ദീപക്കിന്റെ മരണവാര്‍ത്ത എത്തുകയായിരുന്നു. എംഡിക്കു പഠിക്കാനായി മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഡ്മിഷന്‍ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണു ദീപക്ക് സഹപാഠികള്‍ക്കൊപ്പം നേപ്പാളിനു പുറപ്പെട്ടത്.

വിനോദയാത്ര എന്നതിനേക്കാള്‍ നേപ്പാളിലെ ഗ്രാമങ്ങള്‍ നേരില്‍ കാണുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. തിരിച്ചെത്തി മേയ് ഒന്നിന് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരാനായിരുന്നു തീരുമാനം. പഠനകാലത്തുതന്നെ അവധിക്കു വീട്ടിലെത്തിയാല്‍ നാട്ടുകാരായ രോഗികളെ വീടുകളില്‍ പോയി ദീപക്ക് പരിശോധിക്കാറുണ്ടായിരുന്നു.

ഹൗസ് സര്‍ജന്‍സി കഴിഞ്ഞു കൂടെയുണ്ടായിരുന്ന മിക്കവരും മറ്റു ജില്ലകള്‍ തേടി പോയപ്പോള്‍ ആദിവാസികള്‍ ഏറെയുള്ള അവികസിത ജില്ലയായ വയനാടാണു ദീപക്ക് തെരഞ്ഞെടുത്തത്. കേളകം മഞ്ഞളാംപുറം യുപി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൂത്തുപറമ്പ് ചെണ്ടയാട് നവോദയ സ്‌കൂളിലായിരുന്നു പ്ലസ്ടുവരെ പഠനം. മെഡിക്കല്‍ എന്‍ട്രന്‍സിന് 114 ാം റാങ്കുണ്ടായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 2013ല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയശേഷം വയനാട് എടവക പിഎച്ച്‌സിയില്‍ ആറുമാസമായി സേവനം ചെയ്തുവരികയായിരുന്നു. ദീപക്കിന്റെ പിതാവ് തോമസ് കളപ്പുര ഫെയര്‍ട്രേഡ് അലയന്‍സിന്റെ സംസ്ഥാന ചെയര്‍മാനും അറിയപ്പെടുന്ന കര്‍ഷകനേതാവുമാണ്.ഡല്‍ഹിയിലുള്ള മന്ത്രി കെ.സി. ജോസഫിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്.

കാഠ്മണ്ഡുവില്‍നിന്നു ഡല്‍ഹി, ബംഗളൂരു വഴി ബുധനാഴ്ച വൈകുന്നേരത്തോടെ മൃതദേഹം എത്തിക്കുമെന്നാണു മന്ത്രി കെ.സി. ജോസഫ് അറിയിച്ചതെന്നു സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. കണിച്ചാര്‍ സെന്റ് ജോര്‍ജ് ദേവാലയത്തിലാണു മൃതദേഹം സംസ്‌കരിക്കുക.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.