Latest News

ചാനലുകളില്‍ ഫ്‌ളാഷ് മിന്നിമറഞ്ഞു; 'ചോരക്കുഞ്ഞ് പട്ടിക്കുഞ്ഞായി'

കാഞ്ഞങ്ങാട്: (www.malabarflash.com) ബസ് സ്റ്റാന്‍ഡിലെ യാത്രക്കാരുടെ ഇരിപ്പിടത്തില്‍ 'ചോരക്കുഞ്ഞിന്റെ മൃതദേഹം' പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍. വാര്‍ത്ത ചാനലുകളിലും ഓണ്‍ലൈന്‍ പത്രങ്ങളിലും ഫ്‌ളാഷ് ന്യൂസായി മിന്നിമറയുമ്പോഴേക്കും ചോരക്കുഞ്ഞ് പട്ടിക്കുഞ്ഞായി.

കാഞ്ഞങ്ങാട് ടൗണിലെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലാണു 'ചോരക്കുഞ്ഞിന്റെ മൃതദേഹം' ജനങ്ങളെ പരിഭാന്തരും വിഡ്ഢികളുമാക്കിയത്. രാവിലെ 11.30 ഓടെയാണു സ്റ്റാന്‍ഡില്‍ മുന്‍സിപ്പല്‍ കെട്ടിടത്തിന്റെ ഓരത്തുള്ള ഇരിപ്പിടത്തില്‍ ടെക്സ്റ്റയില്‍ ഷോപ്പിലെ കവറില്‍ കണെ്ടത്തിയത്. 

ബസ്സ്റ്റാന്‍ഡില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഇവിടെ സിമന്റും മറ്റു നിര്‍മാണ സാമഗ്രികളും വച്ച് പ്ലാസ്റ്റിക് ഷീറ്റു കൊണ്ടുമറച്ച നിലയിലായിരുന്നു. ഷീറ്റു മാറ്റുന്നതിനിടയിലാണു കവര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ നിന്നും തലയുടെ ഭാഗം പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയിലുമായിരുന്നു. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ പിഞ്ചുകുഞ്ഞിന്റെ തലപോലെ കണെ്ടത്തി. വിവരം അറിഞ്ഞതോടെ ജനം തടിച്ചുകൂടി.

പോലീസുമെത്തി. കാമറ ഫ്‌ളാഷുകള്‍ മിന്നിമറഞ്ഞു. സ്ഥലത്തു നിന്നും ചാനലുകളിലേക്കും പത്ര ഓഫീസുകളിലേക്കും ക്ഷണനേരംകൊണ്ടു വിവരമെത്തി. സ്‌പെഷല്‍ ബ്രാഞ്ച് പോലീസും ഉന്നത കേന്ദ്രത്തിലേക്കു സന്ദേശം കൈമാറി. അന്വേഷണ കുതുകികളുടെ ജോലി ഇതുകൊണ്ടും തീര്‍ന്നില്ല. മൃതദേഹം കാണപ്പെട്ട സ്ഥലത്തു ചുമരില്‍ ചോരക്കറ. പിന്നെ അന്തിമ വിധി വന്നു. ചുമരില്‍ അടിച്ചുകൊന്നതു തന്നെ. ഇതിനിടയിലാണു പോലീസുകാര്‍ മൃതദേഹം പൊതിഞ്ഞിരുന്ന കവര്‍ നീക്കം ചെയ്തത്. അപ്പോഴേയ്ക്കും പിഞ്ചു കുഞ്ഞിനു നാലുകാലും ഒരു വാലും വളര്‍ന്നു. മുഴുത്തൊരു പട്ടിക്കുഞ്ഞ്. പിന്നെയവിടെ ഒരു മാധ്യമപ്രവര്‍ത്തകരേയും കണ്ടില്ല. 


പലരും പല കോണുകളില്‍ നിന്നും താന്‍ നേരത്തെ കൊടുത്ത വാര്‍ത്ത പിന്‍വലിക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. ചുമരില്‍ കണ്ട ചോരക്കറ മുറുക്കി തുപ്പിയതുമായി. ഏതോ വിരുതന്‍ ഏപ്രില്‍ ഫൂള്‍ ദിനമായ ഇന്നേക്കു വച്ച വെടി ഒരു നാള്‍ മുമ്പേ തന്നെ പൊട്ടിയതാണെന്നു ആത്മഗതം ചെയ്തു എല്ലാവരും സ്ഥലം കാലിയാക്കി. ചത്ത പട്ടിക്കുഞ്ഞിനെ പോലീസ് മറവു ചെയ്തു. 

കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ഹരിശ്ചന്ദ്രനായിക്ക്, സിഐ യു.പ്രേമന്‍, എസ്‌ഐ കെ.ബിജുലാല്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

Keywords: Kasaragod-news News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.