കാഞ്ഞങ്ങാട്:(www.malabarflash.com) അവധിക്കാലത്തെ ആലസ്യത്തിന് വിട നല്‍കി ആഹ്ലാദപ്പൂത്തിരി കത്തിച്ച് കുരുന്നുകളുടെ വാര്‍ഷികാഘോഷം. പാഠപുസ്തകങ്ങളിലെ പാടിപ്പതിഞ്ഞ പാട്ടുകളില്‍ നിന്ന് തെരഞ്ഞെടുത്തവ പഠനവും കളിയും കോര്‍ത്തിണക്കി കുട്ടികള്‍ ദൃശ്യവല്‍ക്കരിച്ച മണിത്താലി ആശയത്തിന്റെ പുതുമകൊണ്ട് ശ്രദ്ധേയമായി.
ജനകീയ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് പുതിയ ഇടപെടലുകള്‍ സമ്മാനിച്ച് സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച അരയി ഗവ.യുപി സ്‌കൂളിലെ കുട്ടികളാണ് അവധിക്കാലം പോയ വര്‍ഷത്തെ പഠനാനുഭവങ്ങളുടെ വിളവെടുപ്പിനായി വിനിയോഗിച്ചത്.
ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും വിവിധ സംഘങ്ങളായി പിരിഞ്ഞ് ക്ലാസ്സുമുറികളില്‍ തങ്ങള്‍ പഠിച്ച് തീര്‍ത്ത വിഷയങ്ങളെ കേരളത്തനിമയുള്ള കലാരൂപങ്ങളുടെ പൊലിമയില്‍ അവതരിപ്പിച്ചു.
അഞ്ചാംതരത്തിലെ മലയാള നാടേ നിന്‍ മാറിലാരോ എന്ന കവിതയ്ക്ക് തിരുവാതിര താളമേകിയായിരുന്നു തുടക്കം. ആറാംതരത്തിലെ ജി.ശങ്കരക്കുറുപ്പിന്റെ തൂപ്പുകാരി ദൃശ്യാവിഷ്‌കാരത്തില്‍ ആ ക്ലാസ്സിലെ 27 കുട്ടികളും പങ്കെടുത്തു.
മൂന്നാംതരത്തിലെ മാരിമലകള്‍ നനഞ്ചേ, രാഗങ്ങള്‍ ഓരോന്നേ ഗോകുലനായകന്‍ എന്നീ കവിതകള്‍ യഥാക്രമം പൂരക്കളിയായും, ആലാമിക്കളിയായും രംഗത്തെത്തി. വിവിധ ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ ഒപ്പന, ദഫ്മുട്ട്, നാടോടി നൃത്തം, ഓട്ടന്‍തുള്ളല്‍ എന്നീ കലാരൂപങ്ങളിലൂടെ അരങ്ങിലെത്തി.
നാടോടിക്കലകളും ശാസ്ത്രീയകലകളും ഇടകലര്‍ത്തി ഏവര്‍ക്കും ഹൃദ്യമായ രീതിയിലായിരുന്നു അവതരണം. വാര്‍ഷിക വേളകള്‍ പോലും പഠനപ്രവര്‍ത്തനത്തിന്റെ പുതിയ മാതൃകകളാക്കി തീര്‍ക്കാമെന്ന തിരിച്ചറിവ് നല്‍കുകയായിരുന്നു മണിത്താലിയിലൂടെ കുരുന്നുകള്‍.
പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്റെ ആശയത്തിന് മടിക്കൈ അടുക്കത്ത് പറമ്പിലെ ഫയര്‍ഫോഴ്‌സ് ജീവനക്കാരമായ എം.വി.കുഞ്ഞിക്കൃഷ്ണന്‍ ദൃശ്യാവിഷ്‌കാരം നല്‍കി. സ്മിത കുഞ്ഞിക്കൃഷ്ണന്‍, ധനേഷ് പട്ടേന, അഖില്‍ പട്ടേന, ജോബിസ്, സുമന്‍, പ്രിയേഷ് മടിക്കൈ, ബിബീഷ് മടിക്കൈ എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു.
No comments:
Post a Comment