ബേക്കല്‍: ജില്ലാ സര്‍വ്വീസ് സഹകരണ ബേങ്കിന്റെ രണ്ട് ശാഖകളില്‍ ഉള്‍പ്പെടെ വിവിധ ബേങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മുക്കുപണ്ടങ്ങള്‍ പണയം വെച്ച് പണം തട്ടിയെടുത്ത സംഭവത്തിന്റെ സൂത്രധാരന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയ യുവാവിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു.
മുക്കുപണ്ട തട്ടിപ്പിന്റെ സൂത്രധാരനായ ഉദുമ എരോലിലെ നൗഷാദിന് സഹായം നല്‍കിയ സ്വര്‍ണ്ണപ്പണിയില്‍ വിദഗ്ദ്ധനായ യുവാവിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പോലീസ് അന്വേഷണം നടത്തുന്നത്. ഈ കേസില്‍ അറസ്റ്റിലായ ബേക്കല്‍ വിഷ്ണുമഠം സ്വദേശിനി രതിയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ തന്നെ പ്രസ്തുത യുവാവിനെ കുറിച്ച് ഏകദേശ വിവരങ്ങള്‍ ലഭിച്ചിരുന്നു.
അതേസമയം ഈ യുവാവ് നൗഷാദുമായാണ് നേരിട്ട് ഇടപാടുകള്‍ നടത്തിയതെന്നും അതുകൊണ്ട് തന്നെ നൗഷാദിനാണ് ഈ യുവാവിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയുകയെന്നും രതി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. റിമാന്റില്‍ കഴിയുകയായിരുന്ന രതിക്ക് ഈയിടെയാണ് ജാമ്യം ലഭിച്ചത്. എന്നാല്‍ നൗഷാദിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
നൗഷാദ് താമസിച്ചിരുന്ന എരോലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. നൗഷാദ് എവിടെയുണ്ടെന്ന കാര്യം തങ്ങള്‍ക്കറിയില്ലെന്നാണ് കുടുംബാംഗങ്ങള്‍ പോലീസിന് മൊഴി നല്‍കിയത്. യഥാര്‍ത്ഥ സ്വര്‍ണ്ണമാണെന്ന് തോന്നുന്ന വ്യാജ സ്വര്‍ണ്ണമാണ് നൗഷാദ് ബേങ്കില്‍ പണയം വെക്കാന്‍ രതിയെ ഏല്‍പ്പിച്ചിരുന്നത്. ഇതിന് കമ്മീഷന്‍ ഇനത്തില്‍ നല്ലൊരു തുക തന്നെ നൗഷാദ് രതിക്ക് നല്‍കിയിരുന്നു.
വ്യാജ സ്വര്‍ണ്ണത്തിന് തിളക്കം കൂട്ടി ഒറിജിനലാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ നൗഷാദ് ഇക്കാര്യത്തില്‍ വിദഗ്ദ്ധനായ യുവാവിന്റെ സഹായം തേടിയിരുന്നു.
No comments:
Post a Comment