Latest News

സുലൈമാന്‍ സേട്ട് രാഷ്ട്രീയ ജീര്‍ണ്ണതയ്ക്കും അഴിമതിക്കുമെതിരെ നിലകൊണ്ടു: ടി.പി.ചെറൂപ്പ

കാഞ്ഞങ്ങാട്:[www.malabarflash.com] ഇന്ത്യ ഭരിച്ച പത്ത് പ്രധാനമന്ത്രിമാര്‍ക്കൊപ്പം പാര്‍ല്ലമെന്റില്‍ അംഗമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് ന്യൂനപക്ഷ അവകാശങ്ങള്‍ക്കൊപ്പം രാഷ്ട്രീയത്തിലെ ജീര്‍ണ്ണതയ്ക്കും അഴിമതിയ്ക്കുമെതിരെ ശക്തമായി നിലകൊണ്ട മാതൃകാപുരുഷനായിരുന്നുവെന്ന് സേട്ടിന്റെ ജീവചരിത്രമെഴുതിയ ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനുമായ ടി.പി.ചെറൂപ്പ പറഞ്ഞു.

രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കുമുള്ള ജാഡയും പൊങ്ങച്ചവും അഴിമതിയും സേട്ടിന് ബഹുദൂരമായിരുന്നുവെന്ന് കാഞ്ഞങ്ങാട് ഇബ്രാഹിം സുലൈമാന്‍ സേട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ചെറൂപ്പ പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന സേട്ട് സാഹിബിന് ഏത് കാര്യത്തിലും സ്വന്തമായ നിലപാടും അഭിപ്രായങ്ങളുമുണ്ടായിരുന്നു. ത്യാഗസന്നദ്ധത, സത്യസന്ധത, ഉദ്ദേശശുദ്ധി, ഏറ്റെടുത്ത ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അഭിവാഞ്ച തുടങ്ങിയ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന സുലൈമാന്‍ സേട്ട് പ്രതിസന്ധികളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയിരുന്ന ആദര്‍ശവാദിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹവീടിന്റെ സഹായധനം ചന്ദ്രിക ഡയറക്ടര്‍ മെട്രോ മുഹമ്മദ്ഹാജിയും സേട്ടിന്റെ മകള്‍ തസ്‌നീം സുലൈമാന്‍ സേട്ടും വിതരണം ചെയ്തു.

സത്യസന്ധത കാട്ടിയ പത്രവിതരണക്കാരന്‍ അശോകന് ഫൗണ്ടേഷന്റെ ഉപഹാരം അജാനൂര്‍ പഞ്ചായത്തംഗം ഷീബാ ഉമര്‍ നല്‍കി. അസീസ് കടപ്പുറം, എ.ഹമീദ്ഹാജി, എം.എ.ലത്തീഫ്, ടി.മുഹമ്മദ് അസ്‌ലം എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.