Latest News

ഐശ്വര്യത്തിന്റെ പൊന്‍കണിയുമായി വിഷു

ഏതൊരു മലയാളിയുടെ മനസ്സിലും സമൃദ്ധിയും ഐശ്വര്യവും നിറയ്ക്കുന്ന ദിനമാണ് വിഷു. നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളാണ് വിഷു സമ്മാനിക്കുന്നത്. ഒരു വര്‍ഷത്തെ ഫലം വിഷുക്കണിയെ ആശ്രയിച്ചിരിക്കുന്നു. മലബാര്‍ ഫ്‌ളാഷിന്റെ എല്ലാ വായനക്കാര്‍ക്കും സമൃദ്ധിയുടേയും ഐശ്വരത്തിന്റേയും വിഷു ആശംസകള്‍.

മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്റെ സമൃദ്ധിയും, കൃഷിയിറക്കിന്റെ പ്രതീക്ഷയും ഒരുപോലെ നിറഞ്ഞ ഉത്സവമാണ് വിഷു. ഐശ്വര്യത്തിന്റെ സമ്പല്‍സമൃദ്ധിയുടെ പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍ പുതിയ പ്രദക്ഷിണ വഴിയിലേക്ക് നടന്നുനീങ്ങുന്നു. വസന്തകാലത്തിന്റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടിക്കൊണ്ട് പറന്നെത്തുന്ന വിഷുപ്പക്ഷികള്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികാണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങിക്കിടക്കുന്ന സ്വര്‍ണ്ണപൂക്കള്‍.

ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. നിറദീപങ്ങളുടെ നടുവില്‍ ഉരുളിയില്‍ അരി, കൊന്നപ്പൂവ്, വെള്ളരിക്ക, നാളികേരം, അഷ്ടമംഗല്യം എന്നിവ നിറച്ച് ഒരുക്കിവയ്ക്കുന്നു. വിഷുദിവസം രാവിലെ ശ്രീകൃഷ്ണ ഭഗവാനെയും ഫലമൂലാദികളും, കണിക്കൊന്നയും കണികണ്ടുണരുന്നു വിശ്വാസികള്‍. രാവിലെ കണി കണ്ടുകഴിഞ്ഞാല്‍ വീട്ടിലെ മുതിര്‍ന്നയാള്‍ കാരണവര്‍ മറ്റുള്ളവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്നു. അങ്ങനെ എത്രയത്ര സുന്ദരനിമിഷങ്ങളാണ് വിഷുസമ്മാനിക്കുന്നത്.

വിശ്വാസികള്‍ക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദി കുറിക്കുന്ന ദിനവും. ജീവിതച്ചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു. പ്രതീക്ഷയുടെ പൂത്താലവും, ഓര്‍മ്മകളുടെ താലപ്പൊലിയുമായാണ് ഓരോ വിഷുപ്പുലരിയുമെത്തുന്നത്. പിന്നിടുന്ന സംവത്സരങ്ങളുടെ നെറുകയില്‍ അവ ചന്ദനകുളിരാകുന്നു. തീര്‍ത്ഥജല സ്പര്‍ശമാകുന്നു. അനന്തമായ പിതൃപരമ്പരയില്‍ നിന്ന് കൈവന്ന കൈവല്യസ്മരണകള്‍. മലയാളികളുടെ മനസ്സ് സമ്പന്നമാകുന്നത് ആഘോഷങ്ങളുടെ സമൃദ്ധിയിലാണ്. മണ്ണിനെയും, വിണ്ണിനെയും മനുഷ്യമനസ്സില്‍ കോര്‍ത്തിടുന്ന അനുഭൂതികളിലാണ്. അങ്ങനെ പ്രകൃതിയുടെ പിറന്നാളുകള്‍ പോലെ ഓണവും, വിഷുവും നാം ആഘോഷിക്കുന്നു.

ശകവര്‍ഷത്തിന്റെയും, തമിഴ് വര്‍ഷത്തിന്റെയും, പുതുവര്‍ഷാരംഭമാണ് വിഷു. സൂര്യന്‍ മീനരാശിയില്‍ നിന്നു മാറുന്ന ദിനമാണ് വിഷു. രാവും പകലും തുല്യമാകുന്ന വിഷുസംക്രാന്തി സമഭാവനയുടെ സന്ദേശം കൂടിയാണ്. ജീവിതച്ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു. പീഡാനുഭവങ്ങളുടെ മീനച്ചൂട് മനസ്സില്‍ കൊന്നപ്പൂക്കളായി വിരിയുന്നു. അറിവുറയ്ക്കാത്ത ബാല്യം മുതല്‍ ജീവിതാന്ത്യംവരെ വിഷു നമ്മോടൊപ്പമുണ്ട്. പൊന്നും, പൂവും കൊണ്ട് പ്രകൃതിയെഴുതുന്ന മധുരഗീതം പോലെ....
-മലബാര്‍ ഫ്‌ളാഷ് ടീം

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.