കാസര്‍കോട്: [www.malabarflash.com]ഉമ്മയും അവിവാഹിതയായ മകളും ചേര്‍ന്ന് നവജാതശിശുവിനെ ചന്ദ്രഗിരി പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ അഞ്ച് വര്‍ഷത്തിനു ശേഷം ഡി.എന്‍.എ. ടെസ്റ്റ് നടക്കും. അന്വേഷണത്തില്‍ പാകപ്പിഴ സംഭവിച്ചിട്ടുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടത്.
കൊല്ലപ്പെട്ട കുഞ്ഞ് ഒന്നാം പ്രതിയുടേതാണെന്ന് തെളിയിക്കുന്ന യാതൊരു നടപടിയും അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും സ്വീകരിച്ചിരുന്നില്ല. ഈ പിഴവാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്.
ഏറെ കോളിളക്കമുണ്ടാക്കിയ സംഭവം നടന്നത് 2010 മാര്‍ച്ച് ഒന്നിനാണ്. ചന്ദ്രഗിരിപ്പുഴയില്‍ ചെമ്മനാട് പാലത്തിനു സമീപം രാവിലെ അഴുകിയ നിലയില്‍ മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് മധൂര്‍ പുളിക്കൂറിലെ ആയിഷത്ത് സന, ഉമ്മ സുഹറ എന്നിവരെ അറസ്റ്റ് ചെയ്തു.
അവിവാഹിതയായ ആയിഷത്ത് സന കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രസവിച്ച കുഞ്ഞാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പ്രസവശേഷം ആസ്പത്രിയില്‍ നിന്ന് ധൃതിപിടിച്ച് വിടുതല്‍ വാങ്ങി 2010 ഫിബ്രവരി 27ന് രാത്രി ഓട്ടോയില്‍ ആയിഷത്ത് സനയും ഉമ്മയും ചന്ദ്രഗിരിപ്പാലത്തിനു സമീപത്തെത്തി കുഞ്ഞിനെ പുഴയിലെറിഞ്ഞു. ഇതിനു ശേഷം മറ്റൊരു ഓട്ടോയില്‍ വീട്ടിലെത്തുകയായിരുന്നു. നഗരത്തിലെ ഡ്രൈവിങ് സ്‌കൂളില്‍ ഇന്‍സ്ട്രക്ടറായിരുന്നു ആയിഷത്ത് സന. ആസ്പത്രിയില്‍ നല്‍കിയ വ്യാജവിലാസമായിരുന്നു ഇവരെ കുടുക്കിയത്.
കേസ് വിചാരണയ്‌ക്കെടുത്തപ്പോഴാണ് കൊല്ലപ്പെട്ട കുഞ്ഞ് ആയിഷത്ത് സന പ്രസവിച്ചതാണെന്നു തെളിയിക്കുന്നതിനുള്ള നടപടികളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കുട്ടിയെ തിരിച്ചറിയുന്നതിനായി ഡി.എന്‍.എ. ടെസ്റ്റ് നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.
തുടരന്വേഷണത്തിനു അനുവദിക്കരുതെന്ന പ്രതിഭാഗത്തിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. അന്വേഷണഘട്ടത്തില്‍ കാസര്‍കോട് സി.ഐ. ആയിരുന്ന ഇപ്പോഴത്തെ കണ്ണൂര്‍ ഡിവൈ.എസ്.പി. പ്രേമരാജനോട് എന്തുകൊണ്ട് ഡി.എന്‍.എ. ടെസ്റ്റ് നടത്തിയില്ലെന്ന് ചോദിച്ച കോടതി, മേലില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും നിര്‍ദേശിച്ചു.
കൊല്ലപ്പെട്ട കുഞ്ഞിന്റെ അസ്ഥി ഫോറന്‍സിക് ലാബില്‍ സൂക്ഷിച്ചിട്ടുണ്ട്. ആയിഷത്ത് സനയുടെ രക്തസാമ്പിളെടുത്തായിരിക്കും ഡി.എന്‍.എ. ടെസ്റ്റ് നടത്തുക. ജൂലായ് 25ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
No comments:
Post a Comment