Latest News

യു.എ.പി.എ പിന്‍വലിക്കണമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: [www.malabarflash.com] പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന കരിനിയമമായ യു.എ.പി.എ റദ്ദാക്കണമെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു. യു.എ.പി.എ ചുമത്തിയ എല്ലാ കേസുകളും ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറിയും പാര്‍ലമെന്റ് അംഗവുമായ ഇ.ടി മുഹമ്മദ് ബഷീര്‍, കേരള ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്നവരുടെ ദുര്‍വിധിയെ പറ്റി രാജ്യ മനസ്സാക്ഷിയുടെ കണ്ണു തുറപ്പിക്കുന്ന വിധിയാണ് ഹൂബ്ലി ഗൂഢാലോചന കേസില്‍ ഉണ്ടായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. നാല് മലയാളികളടക്കം പതിനേഴ് പേരെയും കോടതി കേസില്‍ വെറുതെ വിട്ടെങ്കിലും നിരപരാധികളായ ഇവര്‍ക്ക് ജീവിതത്തിലെ വസന്തകാലത്തിന്റെ ഏഴ് വര്‍ഷമാണ് നഷ്ടമായത്. 

നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള യുവാക്കളുടെ ജിവിതം തന്നെ തകര്‍ന്ന സ്ഥിതിയുണ്ടായി. ഉറ്റവരും ഉടയവരും മരിച്ചപ്പോള്‍ അവരുടെ മൃതശരീരം കാണാന്‍ പോലും ഇവര്‍ക്കായില്ല. യു.എ.പി.എ പ്രകാരമായത് കൊണ്ട് പരോള്‍ പോലും ലഭിച്ചില്ല. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെട്ടുകൂട എന്നും നീതി വൈകികിട്ടുന്നത് നീതി നിഷേധമാണെന്നുള്ള നീതിന്യായ സിദ്ധാന്തമാണ് ഈ രാജ്യത്ത് തകിടം മറിയുന്നത്- നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കുറ്റാരോപിതരെ കോടതി നിരപരാധികളായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണം. വിചാരണ തടവുകാരുടെ പ്രശ്‌നത്തില്‍ ജയിലുകളില്‍ പോയി കണക്കെടുക്കാന്‍ ജുഡീഷ്യറിയോട് സുപ്രീംകോടതി നിര്‍ദേശിച്ചതാണ്. പാര്‍ലമെന്റിന്റെ അകത്തും പുറത്തും ഈ കാര്യം ഉന്നയിച്ചുകൊണ്ട് മുസ്‌ലിംലീഗ് ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. മുസ്‌ലിംലീഗ് പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകളാണ് ഹൂബ്ലി കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കിയതെന്നും ബഷീര്‍ പറഞ്ഞു.
ഇന്ത്യന്‍ ജയിലുകളിലുള്ള ഏകദേശം 2.8 ലക്ഷം വിചാരണ തടവുകാരില്‍ 3000 പേരും അഞ്ച് വര്‍ഷത്തിലധികമായി ജയിലില്‍ കിടക്കുന്നവരാണ്. ഇവരില്‍ പകുതി പേരും 30 വയസ്സിനു താഴെയുള്ളവരാണ്. ഇതില്‍ 70 ശതമാനം പേര്‍ക്കും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തങ്ങളുടെ പേരില്‍ ചുമത്തപ്പെട്ട കുറ്റത്തിനു എത്രകൊല്ലം ശിക്ഷ കിട്ടുമോ അതിന്റെ പകുതി കാലമങ്കിലും ജയിലില്‍ വിചാരണ തടവുകാരായി കഴിഞ്ഞവരെ എല്ലാം വിട്ടയക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പോലുമുള്ള നടപടികള്‍ കാര്യഗൗരവത്തോടെ ചെയ്യുന്നില്ല. 

വിചാരണ കൂടാതെ വര്‍ഷങ്ങളായി തടവില്‍ കഴിയുന്നവരില്‍ എത്ര പേരെ ജയില്‍ മോചിതരാക്കി എന്ന് കേന്ദ്രസര്‍ക്കാര്‍ ധവള പത്രം ഇറക്കണം. ഗൗരവമായ ഇത്തരം സാഹചര്യങ്ങളെ പറ്റി ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ച് ചിന്തിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.