Latest News

മുസ്‌ലിം ആണെന്ന കാരണത്താല്‍ മുംബൈയില്‍ എംബിഎക്കാരനു ജോലി നിഷേധിച്ചു

മുംബൈ: [www.malabarflash.com] മുസ്‍ലിം ആയതിനാല്‍ മുംബൈ സ്വദേശിയും എംബിഎക്കാരനുമായ യുവാവിന് കമ്പനി ജോലി നിഷേധിച്ചു. കമ്പനി തന്നെയാണ് യുവാവിന്റെ ജോലിക്കുള്ള അപേക്ഷ നിരസിച്ചുകൊണ്ട് ഇത്തരത്തില്‍ മറുപടി നല്‍കിയത്. കമ്പനിയുടെ മതവിവേചനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ് ഇപ്പോള്‍ യുവാവ്.

മുംബൈയിലെ പ്രശസ്തമായ ഡയമണ്ട് കയറ്റുമതി കമ്പനിയായ ഹരികൃഷ്ണ എക്സ്പോര്‍ട്ട്സിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി തേടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവാവായ സിഷാന്‍ അലി ഖാന്‍ ഒരു അപേക്ഷ ഈ മെയില്‍ ചെയ്യുന്നത്. തങ്ങള്‍ അമുസ്‍ലിംകളായ ഉദ്യോഗാര്‍ത്ഥികളെ മാത്രമേ ജോലിക്കെടുക്കുകയുള്ളൂവെന്ന ഖേദപൂര്‍വമായ അറിയിപ്പ് മെയില്‍ അയച്ച് 15 മിനിട്ടിനകം തന്നെ സിഷാനെ തേടിയെത്തുകയായിരുന്നു. മറ്റെല്ലാ മതവിഭാഗങ്ങള്‍ക്കും ജോലി നല്‍കുന്ന സ്ഥാപനം ആവശ്യമായ യോഗ്യതകള്‍ ഉണ്ടായിട്ടും സിഷാന്റെ അപേക്ഷ മതത്തിന്റെ പേര് പറഞ്ഞ് തടയുകയായിരുന്നു.

ജോലിക്കുള്ള അപേക്ഷ നിഷേധിച്ച് കമ്പനിയില്‍ നിന്നുള്ള മറുപടി സന്ദേശം കിട്ടിയ ഉടനെ അതിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്ററ് ചെയ്യുകയായിരുന്നു സിഷാന്‍. കമ്പനിയുടെ മതവിവേചനത്തിനെതിരായി നിയമനടപടികളുമായി മുന്നോട്ടു പോകുവാനാണ് സീഷാന് നവമാധ്യമസുഹൃത്തുക്കള്‍ നല്‍കുന്ന ആഹ്വാനം. ഫെയ്സ്ബുക്കിലും ട്വിറ്ററിലും സിഷാന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഉദ്യോഗാര്‍ഥികളോട് മതവിവേചനം കാണിച്ച കമ്പനി നിയമപരമായും മാതൃകാപരമായും ശിക്ഷിക്കപ്പെടണമെന്ന നിലപാടിലാണ് ആക്ടിവിസ്റ്റുകളും നിയമവിദഗ്ധരും.

എന്നാല്‍, രാജ്യത്തിനകത്തും പുറത്തും കമ്പനിക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നതോടെ സിഷാന് ജോലി നിഷേധിച്ച ഹരികൃഷ്ണ എക്സ്പോര്‍ട്ട് സ്ഥാപനത്തിലെ ഒരു ട്രെയ്നി ജീവനക്കാരന് പറ്റിയ തെറ്റാണ് സിഷാന്റെ അപേക്ഷ നിരസിക്കാന്‍ കാരണമെന്ന നിലപാടിലാണ്. ഈ ജീവനക്കാരനെ തങ്ങള്‍ സസ്പെന്‍ഡ് ചെയ്തെന്നും, മുസ്‍ലികള്‍ക്ക് ജോലി നല്‍കില്ലായെന്നത് തങ്ങള്‍ക്ക് തെറ്റു പറ്റിയതാണെന്നും ഇത് കമ്പനി പോളിസിയല്ലെന്നും ഹരികൃഷ്ണ എക്സ്പോര്‍ട്ടിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

സിഷാനൊപ്പം സഹപാഠികളായ മുകുന്ദ് മണിയും ഒംകര്‍ ബാന്‍‌സോഡും അതേ ജോലിക്കായി ഈ കമ്പനിയില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന അറിയിപ്പാണ് അവര്‍ക്ക് കിട്ടിയത്. സിഷാന് ജോലി നിഷേധിച്ച കമ്പനിയിലെ ജോലി തങ്ങള്‍ക്കും വേണ്ടെന്ന നിലപാടിലാണ് സിഷാന്റെ സുഹൃത്തുക്കള്‍.

സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ സിഷാന്‍ പരാതി നല്‍കി കഴിഞ്ഞു. പരാതി സത്യമാണെങ്കില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു ന്യൂനപക്ഷ കമ്മീഷന്റെ പ്രതികരണം. കമ്പനിയുടെ പ്രതികരണം ലഭിച്ചശേഷം തങ്ങള്‍ നടപടിയെടുക്കുമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍‍മാന്‍ നസീം അഹമ്മദ് പറയുന്നു.

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 153 ബി പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിന് മുംബൈ പോലീസ് ഹരികൃഷ്ണ എക്സ്പോര്‍ട്ട്സ് കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.