Latest News

കോട്ടച്ചേരി മീന്‍ മാര്‍ക്കറ്റിന് രൂപരേഖയായി; സ്ഥലം കണ്ടെത്തും

കാഞ്ഞങ്ങാട്: [www.malabarflash.com] കേന്ദ്രസര്‍ക്കാരിന്റെ വിഷന്‍ 2020 പദ്ധതി പ്രകാരം കോട്ടച്ചേരിയില്‍ ആധുനിക സംവിധാനത്തോട് കൂടിയ മീന്‍മാര്‍ക്കറ്റിന് സ്ഥലം കണ്ടെത്താന്‍ കാഞ്ഞങ്ങാട് നഗരവികസന കര്‍മ്മസമിതി യോഗം ഉപസമിതി രൂപീകരിച്ചു. 10 കോടി രൂപാ ചെലവില്‍ പണിയുന്ന മാര്‍ക്കറ്റിന് പ്രമുഖ ആര്‍ക്കിടെക്റ്റ് കെ.ദാമോദരന്‍ തയ്യാറാക്കിയ രൂപരേഖ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യയുടെ സാന്നിധ്യത്തില്‍വെച്ച് ചേര്‍ന്ന കര്‍മ്മസമിതി യോഗത്തില്‍ സമര്‍പ്പിച്ച് വിശദമായ ചര്‍ച്ച നടത്തി.

മല്‍സ്യം, ഇറച്ചി, ഉണക്ക മല്‍സ്യസ്റ്റാളുകള്‍, കടമുറികള്‍, പാര്‍ക്കിംഗ് സംവിധാനം, കംഫര്‍ട്ട് സ്റ്റേഷന്‍, ക്ലോക്ക് റൂം, വെളിച്ച സംവിധാനത്തോട് കൂടിയ പൂന്തോട്ടം, മലിനജല സംസ്‌കരണ പ്ലാന്റ്, സോളാര്‍ വൈദ്യുതി സംവിധാനം, ശീതീകരണ സംവിധാനം, കോള്‍ഡ് സ്റ്റോറേജ് തുടങ്ങി വിവിധ സൗകര്യങ്ങളോട് കൂടിയുള്ളതായിരിക്കും പുതിയ മീന്‍മാര്‍ക്കറ്റ്. കോട്ടച്ചേരിയില്‍ നിലവിലുള്ള മാര്‍ക്കറ്റും സ്ഥലവും ഉപയോഗപ്പെടുത്താതെ പുതിയ സ്ഥലത്തായിരിക്കും അന്തര്‍ദേശീയ നിലവാരത്തിലുള്ള മീന്‍ മാര്‍ക്കറ്റ് പണിയുക.
സമിതി ചെയര്‍മാന്‍ അഡ്വ.പി.അപ്പുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, അഡ്വ.എം.സി.ജോസ്, മടിക്കൈ കമ്മാരന്‍, എ.വി.രാമകൃഷ്ണന്‍, സി.യൂസഫ്ഹാജി, ടി.മുഹമ്മദ് അസ്‌ലം, സി.എ.പീറ്റര്‍, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, ബി.സുകുമാരന്‍, എം.കുഞ്ഞിക്കൃഷ്ണന്‍, അജയകുമാര്‍ നെല്ലിക്കാട്ട് എന്നിവര്‍ സംസാരിച്ചു. 

മാര്‍ക്കറ്റിന് കണ്ടെത്തിയ സ്ഥലം ഉടമകളുമായി സംസാരിച്ച് സമവായത്തിലെത്താന്‍ എ.വി.രാമകൃഷ്ണന്‍ (കണ്‍വീനര്‍), മടിക്കൈ കമ്മാരന്‍, എം.സി.ജോസ്, പി.അപ്പുക്കുട്ടന്‍, സി.യൂസഫ്ഹാജി എന്നിവരുള്‍പ്പെട്ട സമിതിയെ നിയോഗിച്ചു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.