Latest News

മൂട്ടയെ കൊല്ലാന്‍ വിഷപ്രയോഗം: മലയാളി യുവാക്കള്‍ ദുബായില്‍ ഊരാക്കുടുക്കില്‍

ദുബായ്: [www.malabarflash.com] മൂട്ടയെ കൊല്ലാനായി വിഷപ്രയോഗം നടത്തുമ്പോള്‍ ജോണ്‍സണും കൂട്ടുകാരനായ ബിജുമോനും മറ്റൊന്നും ഓര്‍ത്തിരുന്നില്ല. വിഷവാതകം ശ്വസിച്ച് അടുത്തമുറിയിലെ രണ്ട് ഫിലിപ്പൈന്‍ പൗരന്മാര്‍ മരിച്ചു. ഈ കേസിലെ കോടതിവിധി കേട്ട് പകച്ചുനില്‍ക്കുകയാണ് ഇരുവരും.

മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ജോണ്‍സണ്‍ അടക്കം നാലുപേര്‍ കുറ്റക്കാരാണെന്നാണ് ദുബായ് ക്രിമിനല്‍കോടതിയുടെ കണ്ടെത്തല്‍. മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നാലുലക്ഷം ദിര്‍ഹവും തടവുശിക്ഷയുമാണ് ഇവര്‍ക്കെതിരെ കോടതി വിധിച്ചിരിക്കുന്നത്. ഈ കേസില്‍നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന വേവലാതിയില്‍ ഓടിനടക്കുകയാണ് അവര്‍.

കഴിഞ്ഞ ജൂലായ് മാസമാണ് അറിവില്ലായ്മയുടെ ഫലമായി കണ്ണൂര്‍ പാടിയോട്ടുചാല്‍ സ്വദേശി വി.പി. ജോണ്‍സണ്‍ അല്‍ ഖിസൈസിലെ 'ബാച്ചിലേഴ്‌സ്' റൂമില്‍ മൂട്ടയെ കൊല്ലാനായി മരുന്നുവെച്ചത്. ശക്തമായ ഫോസ്പിന്‍ വിഷാംശം കലര്‍ന്ന 'ബോംബ്' എന്ന പേരിലറിയപ്പെടുന്ന ഗ്യാസായിരുന്നു ജോണ്‍സണ്‍ പ്രയോഗിച്ചത്. ഇതിന്റെ വിഷാംശം ശ്വസിക്കേണ്ടിവന്നതിനാല്‍ തൊട്ടടുത്തമുറിയില്‍ താമസിക്കുകയായിരുന്ന ഫിലിപ്പീന്‍സ് സ്വദേശികളായ അച്ഛനും മകളും മരിച്ചു.

മൂട്ടയ്ക്ക് മരുന്നുവെച്ച ഫ്ലൂറ്റില്‍ വേറെയും ആറുപേര്‍ താമസക്കാരായുണ്ടെങ്കിലും വാടകക്കരാര്‍ ജോണ്‍സന്റെ പേരിലായിരുന്നു. നിയമവിരുദ്ധമായി റൂമില്‍ കീടനാശിനി പ്രയോഗം നടത്തിയതിന്റെ ഫലമായി മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ജോണ്‍സണ്‍ അടക്കം നാലുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

മൂട്ടകളെ കൊല്ലാനായി പ്രയോഗിച്ച 'ബോംബ്' ആദ്യം ഒരു മഹാരാഷ്ട്ര സ്വദേശി ബംഗ്ലാദേശിക്ക് നല്കുകയും ഇദ്ദേഹം കൊല്ലം സ്വദേശിയായ ബിജുമോന്‍ ജോര്‍ജ്കുട്ടി എന്ന മലയാളിക്ക് നല്കുകയുമായിരുന്നു. ഒരേ കമ്പനിയില്‍ ജോലിചെയ്യുന്ന ബിജുമോനുമായുള്ള സൗഹൃദത്തിലൂടെയാണ് കീടനാശിനി ജോണ്‍സണ് ലഭിക്കുന്നത്. ഇതില്‍ സമാനകുറ്റക്കാരായ നാലുപേരും കൂടിയാണ് നാലുലക്ഷം ദിര്‍ഹം കോടതിയില്‍ കെട്ടിവെക്കേണ്ടത്. എന്നാല്‍, മഹാരാഷ്ട്ര, ബംഗ്ലാദേശി സ്വദേശികള്‍ പണം കൊടുക്കാന്‍ സന്നദ്ധരായില്ല. ഇവരില്‍ ബംഗ്ലാദേശുകാരന്‍ വിളിച്ചാല്‍ ഫോണ്‍പോലും എടുക്കുന്നില്ലെന്ന് ജോണ്‍സണ്‍ വേദനയോടെ പറയുന്നു.

ജയില്‍ശിക്ഷയ്ക്ക് പുറമേ നാലുലക്ഷം ദിര്‍ഹം ഈ രണ്ട് മലയാളികള്‍ മാത്രമായി നല്‍കേണ്ട അവസ്ഥയിലാണിപ്പോള്‍. ഇതുവരെയായി 75,000 ദിര്‍ഹത്തോളം കേസിനായി ചെലവഴിച്ചതായും ഇവര്‍ പറയുന്നു. 14 ദിവസത്തോളം ജയിലില്‍കഴിയുകയും ചെയ്തു.

ദുബായില്‍ ഒരു സ്വകാര്യകമ്പനിയില്‍ ചെറിയശമ്പളത്തിന് ജോലിചെയ്യുന്ന ജോണ്‍സണും ബിജുമോനും ഇത്രയും പണം സ്വരൂപിക്കാന്‍ സാധിക്കാതെ വിഷമിക്കുകയാണ്. ജോണ്‍സന്റെ ഭാര്യ സഹായാഭ്യര്‍ഥനയുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ക്കണ്ട് നിവേദനം നല്കുകയും ചെയ്തിട്ടുണ്ട്.

മുനിസിപ്പാലിറ്റിയുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പെസ്റ്റ് കംപ്‌ട്രോള്‍ കമ്പനികള്‍ക്ക് മാത്രമാണ് മൂട്ട, പാറ്റ തുടങ്ങിയവയെ നശിപ്പിക്കാനായി മരുന്നുവെക്കാന്‍ അധികാരമുള്ളൂ എന്നകാര്യം തനിക്കറിയുമായിരുന്നില്ലെന്ന് ജോണ്‍സണ്‍ പറയുന്നു.
സഹായാഭ്യര്‍ഥനയുമായി യു.എ.ഇ.യിലെ മലയാളികളെ സമീപിക്കുകയാണ് ഇരുവരും. ഇവരുടെ നമ്പര്‍: 050 7740844, 050 3401160.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.