Latest News

കാണാതെ പോകരുത് ചന്ദ്രന്റെ ഈ കരവിരുത്

കണ്ണൂര്‍: [www.malabarflash.com] രോഗം കീഴടക്കാനെത്തിയപ്പോള്‍ ചന്ദ്രന് തോല്‍ക്കാന്‍ മനസ്സുണ്ടായിരുന്നില്ല; വീട്ടിലിരുന്ന് രാവും പകലും സ്‌പോഞ്ചില്‍ കരവിരുത് തീര്‍ത്താണ് ചന്ദ്രന്‍ വിധിയെ നേരിടാനൊരുങ്ങുന്നത്.

ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ സ്‌പോഞ്ചില്‍ തീര്‍ത്ത് ആസ്വാദകകര്‍ക്ക് മുന്നില്‍ അത്ഭുതമാവുകയാണ് ഇരിണാവ് പയ്യട്ടത്തെ മൊത്തങ്ങ വീട്ടില്‍ എം ചന്ദ്രന്‍. ദിവസങ്ങളോളം ചിലവഴിച്ച് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ തുച്ഛമായ വിലക്ക് വിറ്റ് ജീവിക്കാനുള്ള പോരാട്ടത്തിലാണ് ചന്ദ്രന്‍.
രാഷ്ട്രപിതാവ് മഹാത്മജി മുതല്‍ ദേശീയ നേതാക്കളുടെ നീണ്ട നിരതന്നെയുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവും രാജേന്ദ്രപ്രസാദും എ പി ജെ അബ്ദുള്‍ കലാമുമെല്ലാം സ്‌പോഞ്ചില്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി മാറിയത് കാണുമ്പോള്‍ ആരും കുറച്ച് സമയം നോക്കിനില്‍ക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനായി വിവിധ നേതാക്കളുടെ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. 

ലെനിന്‍, സ്റ്റാലിന്‍, കാറല്‍മാര്‍ക്‌സ്, ഏംഗല്‍സ്, ഭഗത്‌സിംഗ് മുതല്‍ ഇ എം എസം ഇകെ നായനാരുമെല്ലാം ശേഖരത്തിലുണ്ട്. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും മുതല്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കളെല്ലാമുണ്ട്. 

മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയും നരേന്ദ്രമോഡിയും സ്‌പോഞ്ചില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നുണ്ട്. സ്വാമി വിവേകാനന്ദജനും ശങ്കരാചാര്യരും ശിവജിയും തുടങ്ങി ഭാരത ചരിത്രത്തിലെ മഹാന്മാരെല്ലാം ചന്ദ്രന്റെ കരവിരുതില്‍ ജീവിക്കുകയാണ്.
കണ്ണൂര്‍ നഗരത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ് വില്‍പ്പനശാലയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ചന്ദ്രന്‍. രാത്രി സമയങ്ങളില്‍ വെറുതെയിരിക്കുമ്പോള്‍ കടയില്‍ നിന്നും ഉപേക്ഷിക്കുന്ന തെര്‍മോകോളും സ്‌പോഞ്ചും എടുത്ത് തുടങ്ങിയ ചിത്രകല പിന്നീട് ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. 

സ്‌പോഞ്ചില്‍ ബ്ലേഡ് കൊണ്ട് കട്ട് ചെയ്ത് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന വ്യത്യസ്തമായ രീതിയാണ് ഇദ്ദേഹം അവലംബിക്കുന്നത്. ചിത്രത്തിന് ഫാബ്രിക് പെയിന്റ് ചെയ്യുന്നതോടെ വര്‍ണ്ണാഭമാകുകയും ചെയ്യും. പത്ത് വര്‍ഷത്തോളമായി ഈ നൂതന കലാസപര്യ തുടങ്ങിയിട്ട്. ഇപ്പോള്‍ പയ്യന്നൂരില്‍ നിന്നാണ് സ്‌പോഞ്ച് കൊണ്ടുവരുന്നത്.
ചിത്രങ്ങള്‍ മാത്രമല്ല, സ്‌പോഞ്ചില്‍ മറ്റ് രൂപങ്ങളും നിര്‍മ്മിച്ച് ആസ്വാദകരെ വിസ്മയിപ്പിക്കുകയാണ് ചന്ദ്രന്‍. പഴുത്ത് നില്‍ക്കുന്ന വാഴക്കുലകള്‍ ആരുടെയും മനം കവരും. പക്ഷിമൃഗാദികളും മറ്റും സ്‌പോഞ്ചില്‍ തീര്‍ത്ത് കാനനഭംഗിയും പകരുകയാണ് ചന്ദ്രന്‍.
ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചന്ദ്രന് ജീവിതോപാദികൂടിയാണ് കലാപ്രവര്‍ത്തനം. എന്നാല്‍ ജീവിത ചെലവ് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണിപ്പോള്‍ ചന്ദ്രന്‍.
നിര്‍മ്മിച്ച ചിത്രങ്ങള്‍ ആരെങ്കിലും വാങ്ങി അവര്‍ നല്‍കുന്ന തുകകൊണ്ട് വേണം ചന്ദ്രന് ജീവിതം തള്ളിനീക്കാന്‍. അതുകൊണ്ട് തന്നെ ആവശ്യക്കാരന്‍ പറയുന്ന വിലക്ക് അദ്ദേഹം ചിത്രങ്ങള്‍ വിറ്റുതീര്‍ക്കുന്നു. പലരും വിലയൊന്നും പറയാതെ നല്ലൊരു സംഖ്യ നല്‍കി ചന്ദ്രനോട് സഹകരിക്കുന്നുമുണ്ട്.
കലാരംഗത്ത് ശ്രദ്ധേയമായ നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിന് കാരുണ്യം പകരാന്‍ ഇതുവരെയായും ആരും കടന്നുവന്നിട്ടില്ല. ചിത്രകലയെയും മറ്റും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളും അക്കാദമികളും ചിത്രകലാരംഗത്തെ സംഘടനകളുമെല്ലാം ചന്ദ്രന്റെ ഈ കരവിരുത് കാണാതെ പോകരുത്.
കണ്ണൂരില്‍ ഞായറാഴ്ച സമാപിക്കുന്ന ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകമേളയില്‍ തന്റെ കരവിരുതുമായി ചന്ദ്രനെ കാണാം. നിങ്ങള്‍ വിലകൊടുത്ത് ചിത്രം വാങ്ങിയാല്‍ അത് ചന്ദ്രനുള്ള അംഗീകാരത്തോടൊപ്പം സാന്ത്വനവുമാകും. 

ആവശ്യക്കാരന്‍ പറയുന്ന ഏത് ചിത്രവും രൂപവും സ്‌പോഞ്ചില്‍ നിര്‍മിച്ച് നല്‍കാനും ചന്ദ്രന്‍ തയാറാണ്. കരുണ വറ്റിയിട്ടില്ലാത്തവര്‍ വാങ്ങുന്ന ഓരോ ചിത്രവും ചന്ദ്രന്റെ ജീവിത ചിത്രം മാറ്റിവരക്കും. ഫോണ്‍: 9995790227.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.