Latest News

ഷിനു ഓടുന്നു, ഗിരീഷിന്റെ ജീവനു വേണ്ടി

കാഞ്ഞങ്ങാട്: [www.malabarflash.com] നെയ്യാറ്റിന്‍കരയിലെ എസ് എസ് ഷിനു എങ്ങിനെയോ പരിചയപ്പെട്ട കാഞ്ഞങ്ങാട്ടെ യുവാവിന്റെ വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് പണം സ്വരൂപിക്കുന്നതിന് ജില്ലയില്‍ മാരത്തോണ്‍ ഓട്ടം നടത്തുന്നു.

അശരണരും ആലംബഹീനരും നിര്‍ധനരുമായ രോഗികളുടെ ചികിത്സാ ചിലവ് സ്വരൂപിക്കുന്നതിന് സംസ്ഥാനത്തുടനീളം മാരത്തോണ്‍ ഓട്ടം നടത്തി വരുന്ന മനുഷ്യത്വത്തിന്റെ പ്രതി രൂപമായ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ ഷിനു അതിഞ്ഞാല്‍ മന്‍സൂര്‍ ആശുപത്രിക്കടുത്ത് ഹാജിക്ക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വി ഗിരീഷ് എന്ന 29 കാരന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രിക്രിയക്ക് പണം കണ്ടെത്തുന്നതിന് കാസര്‍കോട് ജില്ലയില്‍ പത്ത് ദിവസം മാരത്തോണ്‍ ഓട്ടം നടത്തും. 

മെയ് 20 ന് കാസര്‍കോട്ട് നിന്ന് ഷിനു ജില്ലയിലുടനീളം കടന്ന് പോകുന്ന തരത്തില്‍ മാരത്തോണ്‍ നടത്തും. ഈ ഓട്ടത്തിനിടയില്‍ സ്വരൂപിക്കുന്ന പണം ഗിരീഷിന്റെ ശസ്ത്രക്രിയ ചിലവിന് വേണ്ടി ഷിനു കൈമാറും. ഇതിനകം സംസ്ഥാനത്ത് മാരത്തോണ്‍ ഓട്ടം നടത്തി സ്വരൂപിച്ച ഏതാണ്ട് 24 ലക്ഷത്തോളം രൂപ വിവിധ രോഗികളുടെ ചികിത്സക്കും ശസ്ത്രക്രിയക്കുമായി ഷിനു നല്‍കിയിട്ടുണ്ട്.
നിര്‍ധന കുടുംബാംഗമായ ഗിരീഷിന്റെ രണ്ട് വൃക്കകളും തകരാറിലാണ്. വേലാശ്വരത്ത് സ്വന്തമായുണ്ടായിരുന്ന വീടും പറമ്പും വിറ്റ് രണ്ട് വര്‍ഷം മുമ്പ് 23 ലക്ഷം രൂപ ചിലവഴിച്ച് തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ ഒരു വൃക്ക നീക്കം ചെയ്ത് ഒരു ദാതാവില്‍ നിന്ന് വൃക്ക സ്വീകരിച്ചത് രണ്ട് വര്‍ഷം മുമ്പാണ്. എന്നാല്‍ സ്വീകരിച്ച വൃക്ക ഇപ്പോള്‍ തകരാറിലായി. അടിയന്തിരമായും വൃക്ക നീക്കം ചെയ്യണമെന്നാണ് ഗിരീഷിനെ ചികിത്സിക്കുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോ. കുഞ്ഞിരാമന്‍ നിര്‍ദേശിച്ചിട്ടുള്ളത്. 

ചികിത്സക്കായി അതിഞ്ഞാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അമ്മയോടും സഹോദരിയോടൊപ്പം കഴിയുന്ന ഗിരീഷിന് ഭാരിച്ച ചികിത്സാ ചിലവ് കണ്ടെത്താനുള്ള ത്രാണിയില്ല. ഓപ്പറേഷന് 20 ലക്ഷം രൂപയെങ്കിലും ചിലവ് വരും. മാസം തോറും പതിമൂന്നായിരം രൂപ ഇന്‍ജക്ഷനും മരുന്നിനുമായി ചിലവിടേണ്ടി വരുന്നു. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ കനിവ് കൊണ്ട് എല്ലാ ആഴ്ചയിലും മൂന്നു തവണ വീതം സൗജന്യമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് നടത്താന്‍ ഗിരീഷിന് സൗകര്യം ലഭിച്ചിട്ടുണ്ട്. 

യാദൃശ്ചികമായാണ് ഗിരീഷ് മാരത്തോണ്‍ ഓട്ടക്കാരന്‍ ഷിനുവിനെക്കുറിച്ച് അറിയുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സകലതും മാറ്റി വെക്കുന്ന ഷിനുവിനെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ വഴി ഗിരീഷ് പരിചയപ്പെടാനിടയായി. പിന്നീട് ഇവര്‍ അടുത്തിടപഴകാന്‍ തുടങ്ങി. ഇതിനിടയില്‍ ഗിരീഷിന്റെ അസുഖത്തെയും കുടുംബാവസ്ഥയെയും കുറിച്ചറിഞ്ഞ ഷിനു ഗിരീഷിന്റെ വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്താന്‍ പത്ത് ദിവസം ജില്ലയില്‍ മാരത്തോണ്‍ ഓട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ദേശീയപാത മാത്രമല്ല, നഗരപ്രാന്തങ്ങളും ഗ്രാമവീഥികളും ഷിനുവിന്റെ യാത്രാവഴികളാകുന്നു.

അഞ്ചുവര്‍ഷത്തോളമായി പാറശ്ശാല മുതല്‍ കാസര്‍കോട് വരെ മാരത്തണ്‍ നടത്തിയ ഷിനു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് തുകകള്‍ കൈമാറുക.
ഇരിഞ്ഞാലക്കുടയിലെ പി.ശ്രീനിവാസന്‍-ശുഭാദേവി ദമ്പതിമാരുടെ മകനായ ഷിനുവിന്റെ ലക്ഷ്യം 14 ജില്ലകള്‍ ഏഴ് ദിവസം കൊണ്ട് ഓടിത്തീര്‍ത്ത് ഗിന്നസ് ബുക്കില്‍ ഇടംപിടിക്കുക എന്നതാണ്. പ്രശസ്തിക്കുവേണ്ടിയല്ല, മറിച്ച് ബഹുമതിയിലൂടെ സാമ്പത്തിക നേട്ടം വല്ലതുമുണ്ടാവുക യാണെങ്കില്‍ അതും സേവനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാമെന്നാണ് ഷിനു പറയുന്നത്.
പതിനാല് വര്‍ഷം മുമ്പ് ഗിരീഷിന്റെ പിതാവ് വാണിയന്‍ മരണപ്പെട്ടു. 

അമ്മ നാരായണിയും സഹോദരി ഗിരിജയോടും ഗിരിജയുടെ മക്കളോടും ഒപ്പമാണ് ഗിരീഷ് താമസിക്കുന്നത്. മറ്റൊരു സഹോദരി ഗീത വിവാഹിതയായി കോട്ടച്ചേരി ഗാര്‍ഡര്‍ വളപ്പിലെ ഭര്‍തൃ ഗൃഹത്തിലാണ് താമസം.
ഗിരീഷിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ അതിഞ്ഞാല്‍ നിവാസികള്‍ ചികിത്സാ സഹായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പി കരുണാകരന്‍ എം പി, എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍, ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ ഉദുമ, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ് എന്നിവര്‍ രക്ഷാധികാരികളും അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചര്‍ ചെയര്‍പേഴ്‌സണും പൊതു രംഗത്തെ സജീവ സംഘാടകരായ എം ഹമീദ് ഹാജി ജനറല്‍ കണ്‍വീനറും, എന്‍ വി അരവിന്ദാക്ഷന്‍ നായര്‍ ട്രഷററുമായ ചികിത്സാ സമിതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
ചികിത്സാ സഹായ സമിതി രൂപീകരണ യോഗത്തില്‍ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ബശീര്‍ വെള്ളിക്കോത്ത്, എസ് കെ കുട്ടന്‍, വി കമ്മാരന്‍, കെ പി ഉമ്മര്‍, കെ സുനില്‍നോര്‍ത്ത് കോട്ടച്ചേരി, എ ദാമോദരന്‍, ഷുക്കൂര്‍ പള്ളിക്കാടത്തത്ത, യു വി ഇല്യാസ് തുഹങ്ങിയവര്‍ സംബന്ധിച്ചു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.