കാസര്‍കോട്: [www.malabarflash.com] കുട്ടികള്‍ അനുഭവിക്കുന്ന ശാരീരിക- മാനസിക വൈകല്യങ്ങള്‍ക്ക് സാന്ത്വനമേകാന്‍ ആവിഷ്‌കരിച്ച രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാരിക്രം യോജന (ആര്‍ബിഎസ്‌വൈ) ജില്ലയില്‍ മുന്നേറുന്നു. വൈകല്യമുള്ള ഒരു കുട്ടി ജനിച്ചാല്‍ 18 വയസ്സ് പൂര്‍ത്തിയാവുന്നത് വരെ സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണിത്. കുട്ടികളുടെ ശാരീരിക മാനസിക വൈകല്യങ്ങള്‍ക്ക് പുറമെ ,30 തരത്തിലുള്ള രോഗങ്ങള്‍ക്കും പദ്ധതിയിലൂടെ ചികിത്സ ലഭിക്കുന്നു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ പദ്ധതി പ്രകാരം, 1129 കുട്ടികള്‍ക്ക് ചികിത്സ ലഭിച്ചു. 8.6 ലക്ഷം രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി ചിലവഴിച്ചത്.
ജില്ലാ ആശുപത്രിയില്‍ ആര്‍ബി എസ് വൈ യുടെ കേന്ദ്രം ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ എന്നപേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഇവിടെയാണ് പദ്ധതി പ്രകാരമുള്ള ചികിത്സ കുട്ടികള്‍ക്ക് ലഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ 9 മണിമുതല്‍ 4 മണിവരെയാണ് ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തന സമയം.
രണ്ട് പീഡിയാട്രീഷന്‍ , ഒരു ഡെന്റിസ്റ്റ്, രണ്ട് മെഡിക്കല്‍ ഓഫീസേഴ്‌സ് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്. ഇവിടെ നേരിട്ട് എത്തുന്ന കുട്ടികള്‍ക്ക് പുറമേ ആങ്കണ്‍വാടി സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം നേഴ്‌സ്മാര്‍ വഴിയും കുട്ടികള്‍ ഇവിടെ ചികിത്സയ്ക്ക് എത്താറുണ്ട്. എപിഎല്‍ എന്നോ ബിപിഎല്‍ എന്നോ മാനദണ്ഡമില്ലതെയാണ് ഇവിടെ സൗജന്യ ചികിത്സ നല്‍കുന്നത്.
ജന്മനാലുള്ള വൈകല്യങ്ങളായ നട്ടെല്ല് ,നാഡീ കോശ വൈകല്യങ്ങള്‍, മംഗോളിസം, ഡൗണ്‍ സിന്‍ഡ്രം, മുച്ചിറി ,മുറി അണ്ണാക്ക്, ടാലിപ്പസ്(ക്ലബ് ഫൂട്ട് , പാദം വളഞ്ഞിരിക്കല്‍), ജന്മനാലുള്ള തിമിരം, ജന്മനാലുള്ള ബധിരത, ജന്മനാലുള്ള ഹൃദ്രോഗം, റെറ്റിനോപ്പതി ഓഫ ്പ്രി- മെച്ചുറിറ്റി, വിളര്‍ച്ച, നിശാന്ധത, കണരോഗം, പോഷകാഹാരക്കുറവ്, തൊണ്ടമുഴ, ഇടുപ്പിലെ അസ്ഥിയിലെ സ്ഥാന ചലനം, എന്നിവയ്ക്കും ശൈശവ രോഗങ്ങളായ ത്വക്ക് രോഗങ്ങള്‍ ,ചെവിയിലെ അണുബാധ, റുമാറ്റിക് ഹാര്‍ട്ട് ഡിസീസ്, ശ്വാസ കോശ അലര്‍ജി മൂലമുണ്ടാകുന്ന രോഗം , ദന്തക്ഷയം , അപസ്മാരം, എന്നിവയ്ക്കും കുട്ടികളില്‍ വളര്‍ച്ചയ്ക്കിടെ കാണപ്പെടുന്ന കാഴ്ച വൈകല്യങ്ങള്‍ , ശ്രവണ വൈകല്യങ്ങള്‍, മസ്തിഷ്‌ക പേശി ചലന വൈകല്യങ്ങള്‍, പ്രേരക നാഡി രോഗങ്ങള്‍ , ചലന വൈകല്യങ്ങള്‍ , അപഗ്രഥന വൈകല്യം, ഭാഷാ വൈകല്യം, സ്വഭാവ വൈകല്യം, (ഓട്ടിസം), പഠന വൈകല്യം, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിക്ടി ഡിസോര്‍ഡര്‍, ജന്മനാലുള്ള തൈറോയ്ഡ് ഗ്രന്ഥിയുടെ അപര്യാപ്തത, അരിവാള്‍ രോഗം എന്നിവയ്ക്കും ഇവിടെ ചികിത്സ ലഭിക്കും. ഈ പദ്ധതിയിലൂടെ വൈകല്യമുള്ള കുട്ടികളെ സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
No comments:
Post a Comment