Latest News

തിരുമുമ്പ് ഭവനത്തില്‍ കാര്‍ഷിക സാംസ്‌ക്കാരിക പഠനകേന്ദ്രം ഒരുങ്ങുന്നു

കാസര്‍കോട്: [www.malabarflash.com] സ്വാതന്ത്രസമരസേനാനിയും തൂലിക പടവാളാക്കിയ കവി എന്ന വിശേഷണമുളള കാസര്‍കോടിന്റെ സ്വന്തം കവിയുമായ ടി.എസ് തിരുമുമ്പിന്റെ ഭവനം കാര്‍ഷിക സാംസ്‌ക്കാരിക പഠനകേന്ദ്രമാക്കി പുനരുദ്ധരിക്കുന്നു. 

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പടുത്തിയാണ് കാര്‍ഷിക സാംസ്‌ക്കാരിക പഠനകേന്ദ്രം നിര്‍മ്മിക്കുന്നത്. ടി.എസ് തിരുമുമ്പ് ഭവനത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. ഇതിനുവേണ്ടി 25 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുളളത്.
പഴയകാല കാര്‍ഷിക സംസ്‌കൃതിയെ ഓര്‍മ്മപ്പെടുത്തുന്ന ഉപകരണങ്ങളും കൃഷിരീതികളും പാരമ്പര്യവും പുതിയ തലമുറയ്ക്ക് മുമ്പില്‍ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ വിഭാവനം ചെയ്ത കാര്‍ഷിക മ്യൂസിയത്തിന്റെ പ്രവര്‍ത്തനമാണ് രണ്ടാം ഘട്ടത്തില്‍ നടത്തുക. കാര്‍ഷിക മ്യൂസിയത്തില്‍ പഴയകാല ഉപകരണങ്ങളോടൊപ്പം പുതിയ ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കും. 

കൂടാതെ കാര്‍ഷിക സംസ്‌കൃതിയെ പരിചയപ്പെടുത്തുന്ന വിവിധ ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ടാകും. പഴയ കാര്‍ഷിക ഉപകരണങ്ങള്‍ ശേഖരിക്കുകയും നാമാവശേഷമായവയുടെ മാതൃകകള്‍ രൂപകല്‍പന ചെയ്തും കാര്‍ഷിക മ്യൂസിയം സമ്പന്നമാക്കും. 

65 ലക്ഷം രൂപ ചെലവാണ് ഇതിന് പ്രതീക്ഷിക്കുന്നത്.
പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ടി.എസ് തിരുമുമ്പ് ഭവനവും. ഭവനത്തെയാണ് കാര്‍ഷിക സാംസ്‌ക്കാരിക പഠനകേന്ദ്രമാക്കി മാറ്റുന്നത്. 

25 സെന്റ് സ്ഥലത്താണ് ഭവനം സ്ഥിതി ചെയ്യുന്നത്. ഭവനത്തിലുളള ടിഎസ് തിരുമുമ്പിന്റെ പുസ്തകശേഖരവും കൈയെഴുത്ത് പ്രതികളും അദ്ദേഹം ഉപയോഗിച്ചിട്ടുളള വസ്തുക്കളും മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തും.കാര്‍ഷിക സാംസ്‌ക്കാരിക പഠനകേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ പുതുതലമുറയ്ക്ക് പോയ കാലത്തിലെ കാര്‍ഷിക പാരമ്പര്യത്തെ തിരിച്ചറിയുന്നതിനുളള ഒരു കിളിവാതിലാകും. 

ഒപ്പം ദേശീയ സ്വാതന്ത്ര്യസമരത്തിനും സാമൂഹികപരിഷ്‌ക്കരണപ്രസ്ഥാനത്തിനും കേരളം സംഭാവന ചെയ്ത അതുല്യപ്രതിഭയ്ക്കുള്ള നിത്യസ്മാരകവും.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.