Latest News

ഷിബിന്‍ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം: തൂണേരിയിലും എടച്ചേരിയിലും ഹര്‍ത്താല്‍

കോഴിക്കോട്: [www.malabarflash.com] തൂണേരി ഷിബിന്‍ വധക്കേസിലെ പ്രതികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒത്തുകളിയും ഗൂഢാലോചനയും നടത്തിയെന്ന് ആരോപിച്ച് ശനിയാഴ്ച തൂണേരി, എടച്ചേരി പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്തു. 

പ്രതികള്‍ അറസ്റ്റിലായി തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം കൊടുത്തിട്ടും കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത് ഭരണതലത്തിലെ സ്വാധീനം കൊണ്ടാണെന്ന് സി.പി.എം ജില്ലാ കമ്മിറ്റി ആരോപിച്ചു.
കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിശ്ചയിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടയില്‍ ധൃതിപിടിച്ച് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച കോടതി നടപടി ആശങ്കയുളവാക്കുന്നതാണ്. നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാനും അതുവഴി കൊല്ലപ്പെട്ട ഷിബിന്‍െറ കുടുംബത്തിന് നീതി ലഭ്യമാക്കാനും സ്പെഷല്‍ പ്രോസിക്യൂട്ടറെ യഥാസമയം നിശ്ചയിച്ച് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍െറ ചുമതലയാണ്. 

പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതുവരെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിശ്ചയിച്ച് ഉത്തരവിറക്കാതെ നീട്ടികൊണ്ടു പോയതിലൂടെ ഷിബിന്‍െറ കുടുബത്തോടും നാടിനോടും സര്‍ക്കാര്‍ കാണിച്ചത് കൊടും വഞ്ചനയാണ്. പ്രതികള്‍ പുറത്തിറങ്ങി സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ കൂടി ഭാഗമാണിതെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനന്‍ ആരോപിച്ചു.
Advertisement
Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.