Latest News

പിക്‌നിക് സംഘത്തിലെ രണ്ടു കുട്ടികള്‍ വാഗമണ്‍ ചെക്ക് ഡാമില്‍ മുങ്ങിമരിച്ചു

വാഗമണ്‍: [www.malabarflash.com] ചങ്ങനാശേരി നാലുകോടി സെന്റ് തോമസ് പള്ളിയില്‍ നിന്നു പിക്‌നിക്കിനുവന്ന സംഘത്തിലെ രണ്ടു കുട്ടികള്‍ വാഗമണ്‍ മൊട്ടക്കുന്നിനു സമീപം ചെക്ക് ഡാമില്‍ മുങ്ങിമരിച്ചു.

നാലുകോടി വെട്ടികാട് ഭഗവതിപ്പറമ്പില്‍ ജയിംസിന്റെ (ചാക്കോച്ചന്‍) ഏക സന്താനമായ മാത്യൂസ് ജയിംസ് (അച്ചു -14, തിരുവല്ല മുത്തൂര്‍ ക്രൈസ്റ്റ് പബ്ലിക് സ്‌കൂള്‍, പത്താം ക്ലാസ് വിദ്യാര്‍ഥി), പായിപ്പാട് പഴയ പഞ്ചായത്തിനു സമീപം തുണ്ടുപറമ്പില്‍ സുബി ആന്റണിയുടെ മകന്‍ ഷോണ്‍ (15, കിളിമല എസ്എച്ച് പബ്ലിക് സ്‌കൂള്‍) എന്നിവരാണ് മരിച്ചത്.

പള്ളിയില്‍ നിന്നു മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ ഉള്‍പ്പെടെ 41 അംഗ സംഘം ശനിയാഴ്ച രാവിലെയാണു വാഗമണ്ണിലെത്തിയത്. ഉച്ചകഴിഞ്ഞു മൂന്നോടെ കുട്ടികളിലൊരാള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു. ഒപ്പമുണ്ടായിരുന്ന രണ്ടു കുട്ടികള്‍ ഈ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മൂവരും ചെളിയില്‍ അകപ്പെട്ടു. മിനിറ്റുകള്‍ക്കുള്ളില്‍ ഇവരെ മുങ്ങിയെടുത്തെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ഒരു കുട്ടി രക്ഷപ്പെട്ടു. ദേശവാസികളും രണ്ടു വിദേശ ടൂറിസ്റ്റുകളും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയതായി പോലീസ് പറഞ്ഞു.

കട്ടപ്പന ഡിവൈഎസ്പി പി.കെ. ജഗദീഷ്, പീരുമേട് സിഐ പി.വി. മനോജ്കുമാര്‍, വാഗമണ്‍ എസ്‌ഐ കെ.എ. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി. മൃതദേഹങ്ങള്‍ രാത്രി എട്ടോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിലെത്തിച്ചു. സംഭവമറിഞ്ഞ് ഈരാറ്റുപേട്ട, പീരുമേട് എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ്, ഏലപ്പാറ പഞ്ചായത്ത് അംഗം സണ്ണിച്ചന്‍ കൊച്ചുതമ്പി, വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ തുടങ്ങിയവര്‍ മേല്‍നടപടികള്‍ക്കു നേതൃത്വം നല്‍കി.

മാത്യൂസിന്റെ അമ്മ ലാലമ്മ വെച്ചൂച്ചിറ കോലത്താംമൈല്‍ കുടുംബാംഗമാണ്. മാത്യൂസിന്റെ സംസ് കാരം ഞായറാഴ്ച 3.30നു നാലു കോടി സെന്റ്‌തോമസ് പള്ളിയില്‍. ഷോണിന്റെ സംസ്‌കാരം പിന്നീട്. അമ്മ ഷിജി മണിമല കൊട്ടാരത്തില്‍ കുടുംബാംഗമാണ്. ഏക സഹോദരി സിയോണ്‍ കിളിമല എസ്എച്ച് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി. ഷാര്‍ജയിലുള്ള പിതാവ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.