Latest News

കാറിടിച്ച് വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആംബുലന്‍സ് എത്തും വരെ മൊബൈല്‍ ഫോണില്‍ കളിച്ച് കൊണ്ട് നടുറോഡില്‍ കിടന്നു

ചൈന: [www.malabarflash.com] ഇത് മൊബൈല്‍ ഫോണ്‍ യുഗമാണ്. ജനിച്ച കുഞ്ഞ് താന്‍ ഭൂമിയിലെത്തിയെന്നറിയിക്കാന്‍ ദൈവത്തിന് മെസേജയക്കുന്ന കാലമാണിതെന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. അതുപോലെത്തന്നെ മരണത്തെ മുഖാമുഖം കാണുമ്പോള്‍ പോലും മൊബൈല്‍ താഴെ വയ്ക്കാന്‍ നമുക്കാവില്ല. അതായിരിക്കാം കാറിടിച്ച് താഴത്തിട്ട് മരണം തനിക്കരികിലായി കറങ്ങി നടക്കുമ്പോള്‍ പോലും ഈ സ്‌കൂട്ടര്‍ യാത്രക്കാരന്‍ തന്റെ കൈയിലുള്ള മൊബൈല്‍ താഴെ വയ്ക്കാന്‍ കൂട്ടാക്കാതിരുന്നത്. 

കാറിടിച്ച് വീണ ഇയാള്‍ ആംബുലന്‍സ് എത്തുന്നത് വരെ മൊബൈല്‍ ഫോണില്‍ കളിച്ച് കൊണ്ട് നടുറോഡില്‍ കിടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അപകടം പറ്റി നിരത്തില്‍ കിടക്കുമ്പോള്‍ മൊബൈല്‍ കേളിയാടുന്ന ഇയാളുടെ ചിത്രത്തിന് സോഷ്യല്‍ മീഡിയയിലൂടെ പരക്കെ പ്രചാരം കിട്ടിയിട്ടുണ്ട്. തെക്കന്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചംഗ്ഷയില്‍ വച്ചാണ് ഈ രസകരമായ ഫോട്ടോ പകര്‍ത്തപ്പെട്ടതെന്ന് പീപ്പിള്‍സ് ഡെയിലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചംഗ്ഷയിലെ തിരക്കേറിയ കവലയില്‍ വച്ച് ഒരു കാര്‍ ഈ സ്‌കൂട്ടറുകാരനെ ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടര്‍ നിരത്തിലേക്ക് മറിയുകയും ഇയാള്‍ തെറിച്ച് വീഴുകയുമായിരുന്നു. എന്നാല്‍ പൊലീസ് എത്തിയിട്ടും ഇയാള്‍ എഴുന്നേല്‍ക്കാന്‍ തയ്യാറായില്ല. താന്‍ ആംബുലന്‍സിനായി കാത്തിരിക്കുയാണെന്ന് പറഞ്ഞ് അയാള്‍ മൊബൈലില്‍ കളിതുടരുകയായിരുന്നു.
ഇയാള്‍ കുറെ നേരം ഇത്തരത്തില്‍ റോഡില്‍ കിടന്നത് കാരണം ആ പ്രദേശത്ത് ട്രാഫിക് ബ്ലോക്കുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും മരുന്നുകള്‍ നല്‍കി ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്ക് ചെറിയ പരുക്കുകള്‍ മാത്രമെ പറ്റിയിട്ടുള്ളുവെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. 

കാര്‍ ഡ്രൈവറില്‍ നിന്നും നഷ്ടപരിഹാരം അടിച്ചെടുക്കാന്‍ വേണ്ടി ഇയാള്‍ ടു വീലറില്‍ നിന്നും കരുതിക്കൂട്ടി വീണതാണെന്ന് ആരോപിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ട്വിറ്ററിന് സമാനമായ ചൈനയിലെ സൈറ്റായ വെയ്‌ബോയിലൂടെ ഇയാളുടെ റോഡ് ശയനത്തിന്റെ ചിത്രങ്ങള്‍ പ്രചരിക്കുകയും ചെയ്തു.
Advertisement

Keywords: international news, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.