കുവൈത്ത്: [www.malabarflash.com] പ്രാര്‍ത്ഥനകളൊന്നും ഫലിച്ചില്ല. നാലുവയസ്സുകാരി നിച്ചുവിനെ മരണം കൊണ്ടുപോകുക തന്നെ ചെയ്തു. കുവൈത്ത് സിറ്റിയിലെ ഇലക്‌ട്രോണിക്‌സ് വ്യാപാരി കല്ലൂരാവി സ്വദേശി സി എം ബഷീറിന്റെയും ബല്ലാകടപ്പുറത്തെ സി പി മുനീറയുടെയും മകള്‍ നിച്ചു എന്ന നഫീസ(4) ബന്ധുക്കളെയും പരശ്ശതം പ്രവാസികളെയും കണ്ണീരിലാഴ്ത്തി എന്നന്നേക്കുമായി കണ്ണടച്ചു.
പത്ത് ദിവസം മുമ്പ് ഏറെ ആഹ്ലാദത്തോടെ കുവൈത്തിലെ ജാബിരിയ്യ ഇന്ത്യന്‍ സ്‌കൂളില്‍ കെ ജി വിഭാഗത്തില്‍ പ്രവേശനം നേടിയ നിച്ചുവിന് സ്‌കൂള്‍ പ്രവേശനത്തിന്റെ ആദ്യ ദിനത്തില്‍ അനുഭവപ്പെട്ട പനിയും ക്ഷീണവും പിന്നെ വിട്ടുമാറിയില്ല.
ആദ്യമായി സ്‌കൂളില്‍ പോകുന്നതിന്റെ ടെന്‍ഷനാണ് കുട്ടിക്ക് എന്നായിരുന്നു ബന്ധുക്കളുടെ കണക്ക് കൂട്ടല്‍. പനിക്കും ക്ഷീണത്തിനും പ്രാഥമിക ചികിത്സ തേടിയെങ്കിലും ദിവസം കഴിയും തോറും പനി കടുത്ത് വന്നു. സ്‌കൂള്‍ പ്രവേശനത്തിന്റെ മൂന്നാം ദിനം തൊട്ട് നിച്ചു പനിക്കിടക്കയിലായി. ഒടുവില്‍ കുവൈത്ത് സബ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. കുട്ടിയെ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ച് രക്ഷിതാക്കളോട് പ്രാര്‍ത്ഥിക്കാനായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം.
അപ്പോഴേക്കും കടുത്ത പനി ശരീരത്തെയും പ്രാണ ധമനികളേയും അപ്പാടെ വിഴുങ്ങി കുട്ടി അബോധാവസ്ഥയിലായി. പരീക്ഷണത്തിന്റെ പത്ത് ദിവസക്കാലവും പ്രിയ മകള്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതും കാത്ത് ഉപ്പയും ഉമ്മയും ആശുപത്രി വരാന്തയില്‍ കാവലിരുന്നു.
പ്രതീക്ഷകളൊക്കെയും കൈവെടിഞ്ഞ് മകള്‍ക്ക് അന്ത്യ ചുംബനം നല്‍കാന്‍ രക്ഷിതാക്കളോട് ഇടക്കൊരു ദിവസം ആവശ്യപ്പെട്ട ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തി കൊച്ചു നഫീസ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു എന്ന പ്രതീക്ഷ ബാക്കി നില്‍ക്കവെ വ്യാഴാഴ്ച വൈകിട്ടാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
കുവൈത്തില്‍ തന്നെ വിദ്യാര്‍ത്ഥികളായ തന്‍സീഹ ഖാത്തൂന്‍, സുല്‍ത്താന, മുഹമ്മദ് ഫസീഹുദ്ദീന്‍ എന്നിവര്‍ നിച്ചുവിന്റെ കൂടെപ്പിറപ്പുകളാണ്. നിച്ചുമോളുടെ മയ്യത്ത് കുവൈത്തില്‍ തന്നെ മറവ് ചെയ്തു.
No comments:
Post a Comment